സൂപ്പര്‍ മാര്‍ക്കറ്റ്, മൊബൈല്‍ കടകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വാച്ച്, ടാബ്, പണം എന്നിവയാണ് സംഘം പ്രധാനമായും മോഷ്ടിച്ചത്.

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരായ യുവാക്കളെയാണ് ഷാര്‍ജ പൊലീസ് മോഷണ കുറ്റത്തിന് പിടികൂടിയത്.

സൂപ്പര്‍ മാര്‍ക്കറ്റ്, മൊബൈല്‍ കടകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വാച്ച്, ടാബ്, പണം എന്നിവയാണ് സംഘം പ്രധാനമായും മോഷ്ടിച്ചത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഷാര്‍ജയില്‍ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉപ മേധാവി കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. ഉന്നത നിലവാരമുള്ള സിസിടിവി സംവിധാനം കടകളില്‍ സ്ഥാപിക്കുക, വാതിലുകള്‍ സുരക്ഷിതമാക്കുന്ന, വന്‍ തുകകള്‍ കടകളില്‍ വെച്ച് രാത്രി പോകാതിരിക്കുക, വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കാന്‍ കടയുടമകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More - ദുബൈയിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് 37 കിലോ കഞ്ചാവ് പിടികൂടി

അതേസമയം യുഎഇയില്‍ നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം നടത്തിയ നാല് പ്രവാസികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. റാസല്‍ഖൈമ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് തടവും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും വിധിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ വില്‍പന നടത്തി പണം സമ്പാദിക്കുന്നതായിരുന്നു പ്രതികളുടെ രീതി.

Read More -  അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ വീടുകള്‍ മാത്രമാണ് മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. മതില്‍ ചാടി, വാതിലുകളും ജനലുകളും പൊളിച്ച് അകത്തു കടന്ന ശേഷം വയറുകളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും വാട്ടര്‍ പമ്പുകളുമൊക്കെയായിരുന്നു മോഷ്ടിച്ചിരുന്നത്. വിലപിടിപ്പുള്ളതും എന്നാല്‍ അധികം ഭാരമില്ലാത്തതുമായ സാധനങ്ങളായിരുന്നു ലക്ഷ്യം. നിര്‍മാണത്തിലിരുന്ന 15 വീടുകളില്‍ നിന്ന് മോഷണം നടന്നതായി പരാതികള്‍ ലഭിച്ചതോടെ സംഭവം അന്വേഷിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ അധികൃതര്‍ നിയോഗിച്ചു. ഇവരുടെ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തുന്ന നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.