അബുദാബി: യുഎഇയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‍ത് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ച സംഘത്തെ അറസ്റ്റ് ചെയ്‍തതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞ ഉടന്‍ അടിയന്തര അന്വേഷണം തുടങ്ങിയിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അതിവേഗം പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

കേസിലെ പ്രതികളെ മുഴുവന്‍ അതേദിവസം തന്നെ മണിക്കൂറുകള്‍ക്കകം അബുദാബി പൊലീസ് അറസ്റ്റ് ചെയ്‍തു. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയാണ്. ഇത്തരമൊരു കുറ്റകൃത്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സംഭവത്തില്‍ നീതി ഉറപ്പുവരുത്തുമെന്നും അറിയിച്ചു.  ഇത്തരമൊരു ഞെട്ടിക്കുന്ന കുറ്റകൃത്യം യുഎഇയില്‍ അത്യപൂര്‍വമാണ്. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയും പബ്ലിക് പ്രോസിക്യൂഷനോ മറ്റ് അധികൃതരോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മാതാപിതാക്കളോടും അധികൃതര്‍ ആവശ്യപ്പെട്ടു. യുഎഇയില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇത്തരമൊരു സംഭവം. പൊതുമര്യാദകള്‍ക്കും യുഎഇയുടെ മൂല്യങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുസുരക്ഷ നശിപ്പിക്കുന്നവര്‍ക്കുമെതിരെ അധികൃതര്‍ ശക്തമായ നടപടിയെടുക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.