ദുബൈ: വ്യാജ മസാജ് സേവന പരസ്യം കണ്ട് അപ്പാര്‍ട്ട്‌മെന്റിലെത്തിയ വിദേശിയുടെ പക്കല്‍ നിന്നും 40,500ദിര്‍ഹം(എട്ടു ലക്ഷം ഇന്ത്യന്‍ രൂപ) തട്ടിയെടുത്തു. ദുബൈയില്‍ താമസിക്കുന്ന 40കാരനായ പാകിസ്ഥാനി മാനേജരുടെ പണമാണ് തട്ടിപ്പ് സംഘം കവര്‍ന്നത്. ദുബൈ പ്രാഥമിക കോടതി ചൊവ്വാഴ്ചയാണ് കേസ് പരിഗണിച്ചത്.

റഷ്യന്‍ വനിതയുടെ ഫോട്ടോയ്‌ക്കൊപ്പമാണ് മസാജ് സേവനം സംബന്ധിച്ചുള്ള വാട്‌സാപ്പ് സന്ദേശം പാകിസ്ഥാന്‍ സ്വദേശിക്ക് ലഭിച്ചത്. സന്ദേശത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ വിലാസവും ഉണ്ടായിരുന്നു. ഇതനുസരിച്ച് 2020 നവംബറില്‍ ദുബൈയിലെ നയിഫ് ഏരിയയിലുള്ള അപ്പാര്‍ട്ട്‌മെന്റിലെത്തിയ പ്രവാസിയെ 27കാരിയായ നൈജീരിയന്‍ സ്വദേശി ബലംപ്രയോഗിച്ച് അകത്തേക്ക് കടത്തുകയായിരുന്നു. മൂന്നു പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ചേര്‍ന്ന് തന്നെ ആക്രമിച്ചെന്ന് പ്രവാസി പറഞ്ഞു.

ഭീക്ഷണിപ്പെടുത്തി പഴ്‌സ് കവര്‍ന്ന സംഘം ക്രെഡിറ്റ് കാര്‍ഡിന്റെ പാസ്‌കോര്‍ഡ് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും പ്രവാസി കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് പാസ്‌കോഡ് കിട്ടിയപ്പോള്‍ സംഘം ഇയാളുടെ അക്കൗണ്ടില്‍ നിന്ന് 40,000ദിര്‍ഹം പിന്‍വലിച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ ഏകദേശം ആറ് മണിക്കൂറോളം സംഘം പ്രവാസിയെ ബന്ധിയാക്കി. പഴ്‌സിലുണ്ടായിരുന്ന 500 ദിര്‍ഹം കൂടി കൈക്കലാക്കിയ ശേഷമാണ് ഇവര്‍ ഇയാളെ വിട്ടയച്ചത്. 

പിന്നീട് പ്രവാസി ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് റെയ്ഡിനിടെ സംഘത്തിലെ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇരകളെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വശീകരിക്കുകയും ഇവരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ അംഗമാണ് ഈ സ്ത്രീയെന്ന് എമിറാത്തി പൊലീസുകാരന്‍ വെളിപ്പെടുത്തി. കവര്‍ച്ച, ബന്ധിയാക്കല്‍ എന്നീ വകുപ്പുകള്‍ പ്രതിയായ സ്ത്രീക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുണ്ട്. ഫെബ്രുവരി 23നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.