ദുബൈ: പരസ്യം കണ്ട് മസാജിന് പോയ യുവാവിന്റെ പണവും ക്രെഡിറ്റ് കാര്‍ഡുകളും കൊള്ളയടിച്ച സംഭവത്തില്‍ ദുബൈയില്‍ വിചാരണ തുടങ്ങി. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊള്ള. ജൂണില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 21 വയസുള്ള ആഫ്രിക്കക്കാരനാണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കള്‍ ഒളിവിലാണ്.

പഴ്‍സിലുണ്ടായിരുന്ന 500 ദിര്‍ഹം തട്ടിയെടുത്തതിന് പുറമെ ക്രെഡിറ്റ് കാര്‍ഡ് തട്ടിയെടുത്ത് പിന്‍ നമ്പര്‍ കൈക്കലാക്കി 40,000 ദിര്‍ഹവും പിന്‍വലിച്ചു. അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്ക് ശരീര വേദനയായിരുന്നതിനാല്‍ മസാജ് ചെയ്യുന്നതിനായി ഒരു വെബ്സൈറ്റില്‍ കണ്ട നമ്പറില്‍ ബന്ധപ്പെടുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞത്.

പാം ജുമൈറയിലെ ഒരു അഡ്രസാണ് ലഭിച്ചത്. അവിടെയെത്തിയ ശേഷം താനുമായി സംസാരിച്ച സ്ത്രീയെ അന്വേഷിച്ചെങ്കിലും നാല് പുരുഷന്മാരാണ് അവിടെ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷം മര്‍ദനം തുടങ്ങി. പഴ്‍സ് നല്‍കാന്‍ തയ്യാറാവാതെ തന്നെ വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാല് സ്ത്രീകള്‍ കൂടി സ്ഥലത്തെത്തി. ഇവര്‍ പഴ്‍സ് കൈക്കലാക്കി. 500 ദിര്‍ഹവും രണ്ട് ക്രെഡിറ്റ് കാര്‍ഡുകളും എടുത്തു. പിന്‍ പറഞ്ഞുകൊടുത്തില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവുമെന്ന് ഭീഷണിപ്പെടുത്തി.

രണ്ട് മണിക്കൂറോളം അവിടെ കെട്ടിയിടുകയും വിടാനാവശ്യപ്പെട്ടപ്പോഴൊക്കെ മര്‍ദിക്കുകയും ചെയ്‍തു. പിന്നീട് സംഘത്തിലുള്ള ചിലര്‍ തിരികെ വന്ന ശേഷം പഴ്‍സും കാര്‍ഡും മൊബൈല്‍ ഫോണും തിരികെ നല്‍കുകയും പോകാന്‍ അനുവദിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഇത്തരം സംഘത്തില്‍ പെട്ട ചിലര്‍ അല്‍ റഫാ പൊലീസ് സ്റ്റേഷനില്‍ പിടിയിലായപ്പോഴാണ് പരാതിക്കാരനെ വിളിച്ചുവരുത്തി പ്രതികളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന ഒരാളെയാണ് ഇക്കൂട്ടത്തില്‍ നിന്ന് പരാതിക്കാരന്‍ തിരിച്ചറിഞ്ഞത്. കേസ് ഒക്ടോബര്‍ 19ന് വിധി പറയും.