Asianet News MalayalamAsianet News Malayalam

യുഎഇയില്‍ പൊലീസ് വേഷത്തിലെത്തി അഞ്ച് കോടി തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ ജയിലില്‍


കഴിഞ്ഞ മേയ് മാസത്തില്‍ ദുബൈയിലെ നൈഫ് ഏരിയയിലായിരുന്നു സംഭവം. ഒരു സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്‍തിരുന്ന രണ്ട് പ്രവാസികളെയാണ് മോഷ്ടാക്കളുടെ സംഘം തട്ടിക്കൊണ്ടുപോയത്. 

Gang of expats jailed for impersonating police and stealing huge amount in UAE
Author
First Published Jan 24, 2023, 10:38 PM IST

ദുബൈ: ദുബൈയിലെ ഒരു സ്വര്‍ണവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി 26 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ എല്ലാവരും ചേര്‍ന്ന് ഇത്രയും തുക തിരികെ നല്‍കുകയും വേണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം എല്ലാവരെയും നാടുകടത്തണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മേയ് മാസത്തില്‍ ദുബൈയിലെ നൈഫ് ഏരിയയിലായിരുന്നു സംഭവം. ഒരു സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്‍തിരുന്ന രണ്ട് പ്രവാസികളെയാണ് മോഷ്ടാക്കളുടെ സംഘം തട്ടിക്കൊണ്ടുപോയത്. നൈഫില്‍ തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ള പണം വാങ്ങി ബാഗിലിട്ട് നടന്നു വരുന്നതിനിടെ രണ്ട് ജീവനക്കാരെ തട്ടിപ്പ് സംഘം തടഞ്ഞുനിര്‍ത്തി. കന്ദൂറ ധരിച്ചിരുന്ന ഇവര്‍ തങ്ങള്‍ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ ശേഷം രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു.

എന്നാല്‍ പൊലീസുകാരാണെങ്കില്‍ തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് ഒരു യുവാവ് ആവശ്യപ്പെട്ടതോടെ ഇവരെ പിടിച്ചുവെച്ച് ഒരു വാഹനത്തില്‍ കയറ്റി അല്‍ ഖുസൈസിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പണം തട്ടിയെടുത്ത ശേഷം സംഘം കടന്നുകളഞ്ഞു. തങ്ങളെ ബന്ധിച്ചിരുന്ന കയറുകള്‍ പൊട്ടിച്ച ശേഷമാണ് തട്ടിപ്പിനിരയായ യുവാക്കള്‍ക്ക് വിവരം പൊലീസില്‍ അറിയിക്കാന്‍ സാധിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ സിഐഡി സംഘം തെളിവുകള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. 

യുവാക്കളെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറെ ആദ്യം അറസ്റ്റ് ചെയ്‍തു. പണവും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് സമ്മതിച്ച ഡ്രൈവര്‍, മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും നല്‍കി. പിന്നാലെ മറ്റുള്ളവരും പിടിയിലായി. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. സംഘത്തിലെ ഓരോരുത്തര്‍ക്കും മോഷണത്തിലെ ഓരോ ജോലികള്‍ വീതിച്ചു നല്‍കിയിരുന്നുവെന്നും പണവുമായി വന്ന യുവാക്കളെ സ്ഥാപനത്തിന് മുന്നില്‍ വെച്ച് തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.

Follow Us:
Download App:
  • android
  • ios