ഏതെങ്കിലും ജിസിസി രാജ്യത്തിൽ കുറഞ്ഞത് ആറുമാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ നേടാം.
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് കുവൈത്തിൽ എത്തുന്ന സമയത്ത് തന്നെ ടൂറിസ്റ്റ് വിസ ലഭ്യമാക്കുന്നതായി ആഭ്യന്തര മന്ത്രി, ആദ്യ ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു. 2025 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 1386 പ്രകാരമാണ് ഈ പുതിയ തീരുമാനം. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതാണ്.
പുതിയ നിയമപ്രകാരം, ഏതെങ്കിലും ജിസിസി രാജ്യത്തിൽ കുറഞ്ഞത് ആറുമാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ നേടാം. 2008 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 1228-നെ ഇതോടെ റദ്ദാക്കി. പുതിയ നിയമം നടപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും യാത്ര സൗകര്യപ്പെടുത്താനും, കുവൈത്തിലെ ടൂറിസം വളർത്താനും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
