റിയാദ്: നാല്‍പ്പതാം ജിസിസി ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായതിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രിക്ക്  സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്. സൗദി അറേബ്യ-ഖത്തര്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ഖലീഫ അല്‍ഥാനിക്ക് രാജ്യത്ത് മികച്ച സ്വീകരണം ലഭിച്ചത്. 

ഉച്ചകോടിയോടെ ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് ഖത്തറിന്‍റെ ഭാഗത്തുനിന്ന് സൂചനകളുണ്ടെങ്കിലും സൗദി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. യമന്‍ ഇറാന്‍ പലസ്തീന്‍ പ്രശ്നങ്ങള്‍ക്കാണ് ജിസിസി ഉച്ചകോടിയില്‍ പ്രാധാന്യം നല്‍കുക. കഴിഞ്ഞ മെയ്യില്‍ മക്കയില്‍ നടന്ന ഉച്ചകോടിയിലും ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 

ഖത്തര്‍ പ്രധാനമന്ത്രിക്ക് പുറമെ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സയിദ്, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.