ഷാർജ: യുഎഇയില്‍ പതിനെട്ടുവയസ്സുകാരിയെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാർജയിലെ അൽ നാദ് അൽ കാസിമിയ പ്രദേശത്താണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി അൽ ഗർബ് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടുകൂടിയാണ് പെൺകുട്ടിയെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണനിലയിൽ കണ്ടെത്തിയ വിവരം സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനെ വിളിച്ചറിയിക്കുന്നത്. തുടർന്ന് ഫോറൻസിക് വിദ​ദ​ഗ്ദരും സിഐഡി ഉദ്യോ​ഗസ്ഥരും ആംബുലൻസുമടങ്ങിയ സംഘം‌ സംഭവസ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് നിലത്തുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടത്. തുടർന്ന് ഫോറൻസിക് സംഘവും പൊലീസും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

അന്വേഷണത്തിന്റെ ഭാ​ഗമായി പെൺകുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബത്തിനൊപ്പം അബു ഷഗരയിലാണ് പെൺകുട്ടി താമസിക്കുന്നത്. അതേസമയം, പെൺകുട്ടി എങ്ങനെയാണ് അൽ നാദ് അൽ കാസിമിയയിലെ കെട്ടിടത്തിൽ എത്തിയതെന്നതിനെ കുറിച്ച് പൊലീസിനിതുവരെ വ്യക്തതയായിട്ടില്ല. യുഎഇയിൽ ഒരുമാസത്തിനുള്ള മൂന്നാമത്തെ പെൺകുട്ടിയെയാണ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.