റിയാദ്: ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സൗദിയിലെത്തും. ദ്വിദിന സന്ദർശനത്തിൽ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. മൂന്നു ദിവസങ്ങളിലായി റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമം ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി റിയാദിൽ എത്തുന്നത്.

തിങ്കളാഴ്ച വൈകുന്നേരം എത്തുമെങ്കിലും ചൊവ്വാഴ് മാത്രമാണ് പ്രധാനമന്ത്രിക്ക് ഔദ്യോഗിക പരിപാടിയുള്ളത്. പ്രധാനമന്ത്രിക്കൊപ്പം ഉന്നതതല നയതന്ത്ര സംഘവും ബിസിനസ്സ് രംഗത്തെ പ്രമുഖരും എത്തുന്നുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മോദി സംസാരിക്കും.

സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദി- ഇന്ത്യ വ്യാപാര കരാറുകളിലും ഇരു രാജ്യങ്ങൾ ഒപ്പുവയ്ക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ തുടങ്ങാൻ പദ്ധതിയിട്ട ഓയിൽ റിഫൈനറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഔട്ട്‍ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറിലും ഒപ്പുവയ്ക്കും. കൂടാതെ റുപേ കാർഡിന്റെ ഔദ്യോഗിക പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ചൊവ്വാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.