ലോകമെമ്പാടുമുള്ള എംബസികളും കോണ്‍സുലേറ്റുകളും പാസ്‍പോര്‍ട്ട് സേവാ പദ്ധതിയുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് അധിഷ്ഠിതമായ ഇ-പാസ്‍പോര്‍ട്ടുകള്‍ നല്‍കി തുടങ്ങുന്നതോടെ പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ (പിഐഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നിവര്‍ക്ക് പാസ്‍പോര്‍ട്ട്, വിസ, സാമൂഹിക സുരക്ഷാ സേവനങ്ങള്‍ എളുപ്പമാകും. 

വരാണസി: ചിപ്പുകള്‍ ഘടിപ്പിച്ച ഇ-പാസ്‍പോര്‍ട്ടുകള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവെയാണ് പാസ്‍പോര്‍ട്ടുകളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള എംബസികളും കോണ്‍സുലേറ്റുകളും പാസ്‍പോര്‍ട്ട് സേവാ പദ്ധതിയുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് അധിഷ്ഠിതമായ ഇ-പാസ്‍പോര്‍ട്ടുകള്‍ നല്‍കി തുടങ്ങുന്നതോടെ പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ (പിഐഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നിവര്‍ക്ക് പാസ്‍പോര്‍ട്ട്, വിസ, സാമൂഹിക സുരക്ഷാ സേവനങ്ങള്‍ എളുപ്പമാകും. പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ കാര്‍ഡുകളെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെ തുടങ്ങിയെന്നും പ്രധാനമന്ത്രി പറ‌ഞ്ഞു.

രാജ്യത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് പ്രവാസികളെന്നും ലോകത്ത് എവിടെ ജീവിച്ചാലും ഇന്ത്യക്കാർ സുരക്ഷിതവും സന്തോഷത്തോടെയും ഇരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രവാസി ഭാരത് ദിവസ് ഉദ്‌ഘാടന വേദിയിലും കോൺഗ്രസ്‌ വിമർശനം മോദി ആവർത്തിച്ചു. അഴിമതി, സാങ്കേതിക വിദ്യയുടെ ചുഷണം എന്നിവ തടയാൻ കഴിയാത്തവരാണ് നേരത്തെ രാജ്യം ഭരിച്ചത്. പാവപ്പെട്ടവന് മാറ്റിവയ്ക്കുന്ന ഒരു രൂപയിൽ 15 പൈസ മാത്രമേ അവരിൽ എത്തുന്നുള്ളൂ എന്ന രാജീവ് ഗാന്ധിയുടെ പ്രയോഗം കടമെടുത്തായിരുന്നു വിമർശനം. അതേസമയം ഖജനാവിലെ പണം ദുരുപയോഗം ചെയ്തു പ്രതിപക്ഷത്തെ വിമർശിക്കുന്നത് പ്രധാനമന്ത്രി അവസാനിപ്പിയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ലോകമെമ്പാടുമുള്ള ആറായിരത്തിലധികം പ്രവാസികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് മുഖ്യാതിഥിയായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത പ്രളയ ദുരിതാശ്വാസം കേന്ദ്രം മുടക്കിയത് മലയാളി പ്രവാസികൾ സമ്മേളന ചർച്ചയിൽ ഉന്നയിക്കും. സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന പ്രതിനിധിയായ മന്ത്രി കെ.ടി ജലീലും കേരളത്തിന്റെ അഭിപ്രായം അറിയിക്കും. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് പ്രവാസി ഭാരതീയ പുരസ്‌കാരം സമ്മാനിക്കും.