ഫേസ്ബുക്കില്‍ എഴുതിയ കൃതിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. ആ രീതിയിലേക്ക് എഴുത്തിന്റെ ലോകം മാറിയിരിക്കുന്നതായും നമ്മളില്‍ ഓരോരുത്തരിലും എഴുത്തുകാരുണ്ടെന്നും ഇന്ദുഗോപന്‍ പറഞ്ഞു.

ഷാര്‍ജ: പുതുയുഗത്തിൽ സാഹിത്യം കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടതായി എഴുത്തുകാരൻ ജിആര്‍ ഇന്ദുഗോപൻ. ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു ഇന്ദുഗോപൻ. സാഹിത്യത്തിൻറെ രീതികളും ശൈലികളും മാറിക്കഴിഞ്ഞു. പുതിയ കാലത്ത് സാഹിത്യം ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹിക മാധ്യമങ്ങളിലൂടെ സാഹിത്യസൃഷ്ടികൾ എഴുതുന്നതിനെ പരിഹസിക്കുന്നത് ശരിയായ രീതിയല്ല. ഫേസ്ബുക്കില്‍ എഴുതിയ കൃതിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. ആ രീതിയിലേക്ക് എഴുത്തിന്റെ ലോകം മാറിയിരിക്കുന്നതായും നമ്മളില്‍ ഓരോരുത്തരിലും എഴുത്തുകാരുണ്ടെന്നും ഇന്ദുഗോപന്‍ പറഞ്ഞു. ഒരാള്‍ മാത്രമായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു അത്ഭുത പ്രപഞ്ചമാണ് സാഹിത്യ രചനയെന്ന ചിന്തയുടെ കാലം അസ്തമിച്ചിരിക്കുന്നു. ഒരുപാട് അനുഭവങ്ങളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നുമാണ് ശരിയായ എഴുത്ത് പിറക്കുന്നത്. പലവിധത്തിലുള്ള കൂട്ടായ്മയില്‍ നിന്നും ആനന്ദത്തോടെ കണ്ടെത്തുന്ന ഒന്നായി സാഹിത്യം മാറിയിരിക്കുന്നു.

Read More - 'ഭാഷകള്‍ക്ക് അതിര്‍വരമ്പുകളില്ല, ഓരോ ഭാഷക്കും സ്വന്തമായ അസ്തിത്വമുണ്ട്': ഗീതാഞ്ജലി ശ്രീ

സാഹിത്യം ശക്തമായ ജനാധിപത്യവത്കരണത്തിന് വിധേയമായിരിക്കുന്നുവന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ എഴുത്തില്‍ നിന്നും സിനിമയിലേക്ക് എന്ന വിഷയത്തിലാണ് ഇന്ദുഗോപൻ സംസാരിച്ചത്. ഓരോരുത്തരും അവരവരുടെ ശൈലിയില്‍ എഴുതുന്നതായിരിക്കും പുതിയ കാലത്തെ സാഹിത്യം. അത്തരം എഴുത്തുകള്‍ക്ക് അംഗീകാരം കിട്ടുന്ന കാലം വിദൂരമല്ല.

ഇതാണോ സാഹിത്യം എന്ന് ചോദിക്കുന്ന നിരൂപകന്റെ കാലം മാറിയിരിക്കുന്നു. ഒരു കഥയെ സിനിമയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ എഴുത്തുകാരന്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്താതെ കഥാകാരന്‍ മാറിനില്‍ക്കണം. സിനിമക്ക് അതിന്റേതായ സര്‍ഗാത്മക തലമുണ്ടെന്നും ഇന്ദുഗോപന്‍ പറഞ്ഞു. ഒരു തെക്കന്‍ തല്ലുകേസ്, ചെന്നായ, വിലായത്ത് ബുദ്ധ തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. മാധ്യമ പ്രവര്‍ത്തകന്‍ സാദിഖ് കാവില്‍ അവതാരകനായി.