Asianet News MalayalamAsianet News Malayalam

അബുദാബിയില്‍ ഗ്രീന്‍ പാസ് ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ആപ്പ് അപ്‌ഡേറ്റ് ചെയ്ത്, ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കിയതിന് ശേഷം ഗ്രീന്‍ പാസ് സംവിധാനം പുനഃസ്ഥാപിക്കും.  
 

green pass use suspended in Abu Dhabi
Author
Abu Dhabi - United Arab Emirates, First Published Jun 18, 2021, 9:56 PM IST

അബുദാബി: അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹൊസന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് ഉപയോഗിക്കുന്നത്  താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍ ഹൊസന്‍ ആപ്പില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അബുദാബിയില്‍ ഗ്രീന്‍ പാസ് സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

ഗ്രീന്‍ പാസ് പ്രാബല്യത്തിലായതോടെ അബുദാബിയിലെ ഉപയോക്താക്കള്‍ വ്യാപകമായി നേരിട്ട പ്രശ്‌നങ്ങളെ  തുടര്‍ന്നാണ് ഈ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മറ്റി അറിയിച്ചു. ആപ്പ് അപ്‌ഡേറ്റ് ചെയ്ത്, ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കിയതിന് ശേഷം ഗ്രീന്‍ പാസ് സംവിധാനം പുനഃസ്ഥാപിക്കും. ജൂണ്‍ 18 മുതല്‍ അല്‍ ഹൊസന്‍ ആപ്പിലെ സേവനത്തിന്‍റെ തുടര്‍ച്ച ഉറപ്പാക്കുന്നത് വരെയാണ് ഗ്രീന്‍ പാസ് നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

 

 

ഈ മാസം 15 മുതലാണ് ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തീയറ്റര്‍, മ്യൂസിയം, റസ്റ്റോറന്റ്, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കിയത്. അല്‍ ഹൊസന്‍ ആപ്ലിക്കേഷനില്‍ പച്ച നിറത്തിലുള്ള കളര്‍ കോഡിനെയാണ് ഗ്രീന്‍ പാസ് എന്ന് വിളിക്കുന്നത്. പച്ചയ്‍ക്കൊപ്പം ഗ്രേ, ചുവപ്പ് നിറങ്ങളുമുണ്ടാകും. ഓരോ വ്യക്തിയും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും പി.സി.ആര്‍ പരിശോധന എന്നാണ് നടത്തിയതെന്നതും അനുസരിച്ചുമായിരിക്കും ആപ്ലിക്കേഷനില്‍ കളര്‍ കോഡുകള്‍ ദൃശ്യമാവുക.

ആപ്ലിക്കേഷനില്‍ പച്ച നിറമാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കും. കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാലാവധി കഴിഞ്ഞാല്‍ നിറം ഗ്രേ ആയി മാറും. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ ചുവപ്പ് നിറമായിരിക്കും ആപ്ലിക്കേഷനില്‍ ദൃശ്യമാവുക. വാക്സിന്‍ സ്വീകരിക്കുന്നത് അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും കൊവിഡ് പരിശോധനാ ഫലത്തിന്റെ കാലാവധി നിശ്ചയിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios