ജപ്പാന്‍ ആസ്ഥാനമായ ഐസ്‍പേസ് ഏജന്‍സിയുടെ ഹകുടോ മിഷന്‍ 1 ലൂണാര്‍ ലാന്ററാണ്, പൂര്‍ണമായും യുഎഇ നിര്‍മിതമായ പര്യവേക്ഷണ വാഹനത്തെ വഹിച്ചിരുന്നത്.
ദുബൈ: യുഎഇയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ വാഹനമായ റാഷിദ് റോവറുമായുള്ള ആശയവിനിമയം നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രി യുഎഇ സമയം 8.40ഓടെ ചന്ദ്ര ഉപരിതലത്തില്‍ ലാന്റിങ് പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ലാന്റിങിന്റെ തൊട്ടു മുമ്പ് വരെ ഭൂമിയിലേക്ക് സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പിന്നീട് ആശയ വിനിമയ ബന്ധം നിലച്ചു. അവസാന ഘട്ടത്തില്‍ അപ്രതീക്ഷമായി വേഗത വര്‍ദ്ധിച്ച് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാം കാരണമെന്നാണ് അനുമാനം.
ജപ്പാന്‍ ആസ്ഥാനമായ ഐസ്‍പേസ് ഏജന്‍സിയുടെ ഹകുടോ മിഷന്‍ 1 ലൂണാര്‍ ലാന്ററാണ്, പൂര്‍ണമായും യുഎഇ നിര്‍മിതമായ പര്യവേക്ഷണ വാഹനത്തെ വഹിച്ചിരുന്നത്. ടോക്കിയോയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററിലാണ് ഇവയില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്. ലാന്റിങിന്റെ അവസാന 10 മീറ്ററിലി്‍ കണ്‍ട്രോള്‍ സെന്ററിലേക്കുള്ള സന്ദേശങ്ങള്‍ നിലച്ചു. ഹകുടോ - ആര്‍ ലാന്ററുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്ന് ഐസ്‍പേസ് അറിയിച്ചതായും ലാന്റിങിന്റെ വിജയം ഉറപ്പുവരുത്താന്‍ സാധിക്കില്ലെന്നും രാത്രി 9.32ന് യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‍പേസ് സെന്റര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
അറബ് ലോകത്തെ തന്നെ ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍ ഡിസംബര്‍ 11നാണ് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്‍പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. റോവര്‍ വഹിക്കുന്ന ഹകുടോ ആര്‍ മിഷന്‍ 1 വാഹനം ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. വേഗത കുറച്ച് ചന്ദ്ര ഉപരിതലത്തില്‍ ലാന്റ് ചെയ്യാനുള്ളതായിരുന്നു അടുത്ത ദൗത്യം. ഇതിന്റെ അവസാന ഘട്ടത്തിലാണ് റോവറുമായുള്ള ബന്ധം നഷ്ടമായത്. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാം കാരണമെന്ന് ഐസ്‍പോസ് വിശദീകരിച്ചിട്ടുണ്ട്.
