ദുബൈ: ഫ്രാന്‍സിലെ നീസില്‍ ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗള്‍ഫ് രാഷ്‍ട്രങ്ങള്‍. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. 

മുഴുവന്‍ മതങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരാകരിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയും വ്യക്തമാക്കുന്നു. സുരക്ഷയും സ്ഥിരതയും അട്ടിമറിക്കാന്‍ ലക്ഷമിടുന്ന എല്ലാത്തരം അക്രമങ്ങളെയും യുഎഇ എതിര്‍ക്കുന്നതായും ഇത്തരം പ്രവൃത്തികള്‍ മതപരവും മാനുഷികവുമായ മൂല്യങ്ങള്‍ക്ക് എതിരാണെന്നും യുഎഇ അറിയിച്ചു.

ഭീകരാക്രമണത്തെ അപലപിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് സന്ദേശമയച്ചു. കുവൈത്ത് കിരീടാവകാശി ശൈഖ് മിഷ്അല്‍ അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവരും ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രത്യേകം സന്ദേശങ്ങളയച്ചു.

ആക്രമണത്തെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. ഏത് ലക്ഷ്യത്തിനും കാരണങ്ങള്‍ക്കും വേണ്ടിയാണെങ്കിലും ഭീകരവാദത്തെയും അക്രമത്തെയും പൂര്‍ണമായും എതിര്‍ക്കുന്നതാണ് തങ്ങളുടെ നിലപാടെന്നും ഖത്തര്‍ വ്യക്തമാക്കി. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവും ഒമാന്‍ വിദേശകാര്യ മന്ത്രാലയവും ആക്രമണത്തെ അപലപിച്ച് പ്രസ്താവനകള്‍ പുറത്തിറക്കി.