മസ്‌കറ്റ്: ഗള്‍ഫില്‍ മലയാളികളുടെ മരണം ഇരുന്നൂറിനോട് അടുക്കുമ്പോള്‍ മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി വ്യാപകം. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി, ആശ്രയം നഷ്ടമായ കുടുംബങ്ങള്‍ക്ക് പ്രത്യേക സഹായം ഉറപ്പാക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്നാണ് പ്രവാസികളുടെ അഭിപ്രായം.

ഇതിനിടെ 24 മണിക്കൂറിനിടെ 10 മലയാളികള്‍കൂടി ഗള്‍ഫില്‍ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് അധികാരികളുടെ ഭാഗത്ത് നിന്ന് സഹായമോ കരുതലിന്റെ ഇടപെടലോ ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ആരോപണം. വരുമാനമാര്‍ഗം നിലച്ചതോടെ നാട്ടില്‍ പല കുടുംബങ്ങളും ദുരിതത്തിലാണ്.

കടബാധ്യതകള്‍ തീര്‍ക്കാന്‍ ഗള്‍ഫ് ജീവിതം തെരഞ്ഞെടുത്തവരും മരിച്ചവരില്‍പെടുന്നു. പല കുടുംബംഗങ്ങളുടേയും ഏക ആശ്രയമാണ് പ്രവാസലോകത്ത് പൊലിഞ്ഞത്. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക സഹായം ഉറപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യവും പ്രവാസികള്‍ക്കിടയില്‍ ഉയരുന്നുണ്ട്.