മസ്കറ്റ്: കൊവിഡ് കാലത്തെ ആശങ്കയും അനിശ്ചിതത്വവും ഉണ്ടായിട്ടും ആർഭാടങ്ങൾ ഒഴിവാക്കി പ്രവാസി മലയാളികൾ വിഷു ആഘോഷിച്ചു. വിശാലയമായ സദ്യയും മറ്റു ചടങ്ങുകളുമില്ലാതെയായിരുന്നു മസ്‌കറ്റിലെ പ്രവാസികളുടെ വിഷു ആഘോഷം.

രണ്ടാഴ്ച ഫ്ലാറ്റിനുള്ളിൽ മാത്രം ഒതുങ്ങി കൂടുന്ന മത്രാ പ്രവിശ്യയിലെ മലയാളികളുടെ പ്രവാസ ജീവിതത്തിലെ ഒരു ആദ്യാനുഭവം കൂടിയാണ് ഇത്. കൊവിഡ് 19 വൈറസ് ബാധ മസ്കറ്റ് ഗവർണറേറ്റിൽ സാമൂഹ്യ വ്യാപനമാകുമ്പോഴും  പ്രതിരോധ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവാസി മലയാളികൾ ഈ വർഷത്തെ വിഷുവിനെ വരവേറ്റത്.

ഈ കൊവിഡ് കാലത്ത് സാമൂഹ്യ അകലം ഓരോരുത്തരെയും അകറ്റി നിർത്തുമ്പോളും കരുതലും സ്നേഹവും സാഹോദര്യവും ചേർത്ത് പിടിച്ചു കൊണ്ടുതന്നെയാണ് ആഘോഷങ്ങൾക്ക് പ്രവാസികൾ മികവ് പകർന്നത്. വലിയ ആഘോഷങ്ങൾ ഇല്ലാതെ സ്വന്തം വീടുകളിൽ വളരെ ലളിതമായ രീതിയിൽ വിഷു സദ്യയും ഒരുക്കി.

കൊറോണ വൈറസ് വ്യാപനം മൂലം മിക്ക പ്രവാസികളും വീടുകളിൽ നിന്നും ജോലി ചെയ്യുന്നതിനാൽ സദ്യയും മറ്റു ആഘോഷങ്ങളും താമസസ്ഥലത്തു തന്നെ ഒരുക്കിയിരുന്നു. വിഷു സീസണിൽ നടന്നു വന്നിരുന്ന കച്ചവടങ്ങൾ എല്ലാം ,  കൊവിഡിന്റെ ആഘാതത്തിൽ തകിടം മറിഞ്ഞത് സൂപ്പർ ഹൈപ്പർ മാർക്കറ്റുകളെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.