അബുദാബി: കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തിനിടെ യുഎഇ ഭരണാധികാരികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫിലെ മാധ്യമങ്ങള്‍. പ്രവാസികളെ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തുവെച്ചിട്ടുള്ളവരാണ് യുഎഇ ഭരണാധികാരികളെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ രോഗകാലത്തും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുകയാണെന്നും പ്രവാസികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഭരണാധികാരികളെ കേരളം പ്രത്യേക നിലയില്‍ തന്നെ കാണുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.


ഇന്ന് യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) തന്നെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ബയാന്‍, അല്‍ ഇത്തിഹാദ്, ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങി അറബിയിലും ഇംഗ്ലീഷിലുമുള്ള ഗള്‍ഫിലെ വിവിധ മാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ പരമാര്‍ശം ഇടം നേടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിക്കുന്ന ചിത്രം സഹിതമായിരുന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

യുഎഇ അധികൃതരുമായി സഹകരിച്ച് പ്രവാസികള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധ സംഘടനകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ട വിവരവും അറബ് മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. കേരളവും യുഎഇയും തമ്മില്‍ പതിറ്റാണ്ടുകള്‍ മുമ്പ് മുതലുള്ള ബന്ധവും കേരളത്തിലെ പ്രളയ സമയത്ത് യുഎഇ ഭരണാധികാരികള്‍ നല്‍കിയ കരുതലും റിപ്പോര്‍ട്ടുകളിലുണ്ട്.

പ്രളയ സമയത്ത് മലയാളികളെ ആശ്വസിപ്പിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മലയാളത്തില്‍ ട്വീറ്റ് ചെയ്തതും സഹായവാഗ്ദാനങ്ങളുമായി യുഎഇ മുന്നോട്ട് വന്നതും വാര്‍ത്തകളിലുണ്ട്.

വാര്‍ത്താ സമ്മേളത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ...Read more