ട്രിപ്പിള്‍ വിന്‍ പദ്ധതി; കേരളത്തില്‍ നിന്നും ജര്‍മ്മനിയിലെത്തിയ നഴ്സുമാരുടെ എണ്ണം 100 പിന്നിട്ടു
ഇതുവരെ 107 നഴ്സുമാരാണ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയത്.

തിരുവനന്തപുരം: ജര്‍മ്മനിയിലേയ്ക്കുമുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റിനെ ജനകീയമാക്കി നോര്‍ക്ക റൂട്ട്സ്. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരമൊരുക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി വിജയകരമായ നാലു ഘട്ടങ്ങള്‍ പിന്നിട്ടു. ട്രിപ്പിള്‍ വിന്‍ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറു നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷ പരിപാടികള്‍ (സെപ്റ്റംബര്‍ 28) രാവിലെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്നു.
ഇതുവരെ 107 നഴ്സുമാരാണ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയത്.
100 പ്ലസ് ആഘോഷപരിപാടി നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴില്‍ കുടിയേറ്റം പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദേശത്തെത്തിയാലും നിങ്ങളോടൊപ്പം നോര്‍ക്ക റൂട്ട്സ് ഉണ്ടാകും എന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജര്‍മ്മനിയിലെ 27 ഇടങ്ങളിലായി 33 സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ വിന്‍ പദ്ധതിപ്രകാരം കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ ജോലി ചെയ്യുന്നത്. ഈ നിമിഷം നോര്‍ക്കയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് സി.ഇ.ഒ ശ്രീ. കെ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ജര്‍മ്മനിയിലേയ്ക്ക് ട്രിപ്പിള്‍ വിന്നിന് സമാനമായി മറ്റൊരു റിക്രൂട്ട്മെന്റുകളുമില്ലെന്ന് ജനറല്‍ മാനേജര്‍ ശ്രീ. അജിത്ത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു.
നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജര്‍ ശ്രീ. ശ്യാം.ടി.കെ, ജര്‍മ്മന്‍ സര്‍ക്കാറിന്റെ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയില്‍ നിന്നും നദീന്‍ സ്നൈഡ്ലര്‍, ബിയാങ്ക ജെയ്സ്, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനില്‍ നിന്നു ശ്രീ. ലിജു ജോര്‍ജ്ജ്, ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രമായ ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ശ്രീമതി. സുധ പ്രദീപ് ജര്‍മ്മനിയില്‍ നിന്നുളള പ്ലേയ്സ്മെന്റ് ഓഫീസര്‍മാര്‍, ഗോയ്ഥേയിലെ വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ ആഘോഷങ്ങളില്‍ സംബന്ധിച്ചു.
Read Also - പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്
മൂന്നു ഘട്ടങ്ങളിലായി നടന്ന അഭിമുഖങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 700 പേരുടെ ജര്‍മ്മന്‍ ഭാഷാ പഠനം പുരോഗമിക്കുകയുമാണ്. നാലാംഘട്ടം അഭിമുഖങ്ങള്‍ പൂര്‍ത്തിയായതോടെ ഇതുവരെ 1100 ഉദ്യോഗാര്‍ത്ഥികളാണ് ട്രിപ്പിള്‍ വിന്‍ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...