കൈക്കൂലി, കള്ളപ്പണം; ഒരു മാസത്തിനിടെ സൗദിയിൽ 134 പേർ അറസ്റ്റിൽ
ഒരു മാസത്തിനിടയിലാണ് സ്വദേശികളും വിദേശികളുമായ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

റിയാദ്: സൗദിയിൽ കൈക്കൂലി, ഔദ്യോഗിക പദവിയുടെ ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതികളായ 134 പേരെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു.
ഒരു മാസത്തിനിടയിലാണ് സ്വദേശികളും വിദേശികളുമായ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 3400 നിരീക്ഷണ സ്കോഡുകളാണ് നടത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. സംശയാസ്പദമായ 340 പേരെ ചോദ്യം ചെയ്തു. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം-ഭവനനിർമാണം എന്നീ മന്ത്രാലയങ്ങളിലെയും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെയും ജീവനക്കാരാണ് പിടിയിലായത്. ക്രിമിനൽ നടപടി ചട്ടപ്രകാരം അറസ്റ്റ് ചെയ്തവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമാക്കി സൗദി
റിയാദ്: സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ ശക്തമായ ശിക്ഷാനടപികൾ നേരിടേണ്ടി വരും. 2021 ൽ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. വിവിധ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങളാണ് ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിെൻറ പരിധിയിൽ വരുന്നത്.
വിവിധ ഇവൻറുകൾ, സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോ, വ്യക്തി വിവരങ്ങളടങ്ങിയ ടെക്സ്റ്റുകൾ എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങളാണ്. ഇവ മറ്റുള്ളവർക്ക് കൈമാറുന്നതും പുറത്തുവിടുന്നതും നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും വിവിധ സാഹചര്യങ്ങളിൽ ശേഖരിക്കുന്ന വ്യക്തികളുടെ ഫോൺ നമ്പറുകൾ, ഫോട്ടോകൾ, സിസിടിവി ദൃശ്യങ്ങളുൾപ്പടെയുള്ള വീഡിയോകൾ, പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിച്ചുവെച്ചിരുക്കുന്ന വിവരങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്ക് കൈമാറുന്നതും ഈ ഗണത്തിൽപ്പെടും.
ആശുപത്രികളിൽ നിന്ന് രോഗികളുടെ വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് കൈമാറുക, സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകർപ്പെടുക്കുക, ക്രഡിറ്റ് വിവരങ്ങൾ, പൊലീസ്, ക്രിമിനൽ വിവരങ്ങൾ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയെല്ലാം ഡാറ്റ സംരക്ഷണ നിയത്തിൻറെ ലംഘനങ്ങളാണ്. കനത്ത പിഴയുൾപ്പെടെയുള്ള ശിക്ഷയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...