ആകസ്മികമായ ശാശ്വത അംഗവൈകല്യം, അപകട മരണ കേസുകൾ, പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണം, മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ, കോടതി വിധിച്ച ബ്ലഡ് മണി എന്നിവ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്ന പൊതുകവറേജുകൾ ആണ്.
റിയാദ്: വിദേശ ഉംറ തീർഥാടകർക്ക് നിർബന്ധമാക്കിയ ഇൻഷുറൻസ് പോളിസിയിൽ 22 ലക്ഷം രൂപ (ഒരു ലക്ഷം സൗദി റിയാൽ) വരെ പരിരക്ഷയുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യക്ക് പുറത്തുനിന്ന് വരുന്ന മുഴുവൻ തീർഥാടകർക്കും ഈ ഇൻഷുറൻസ് നിർബന്ധമാണ്. നിരവധി ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇത്. ഉംറ വിസയുടെ ഫീസിൽ ഇൻഷുറൻസ് പോളിസിയുടെ ചാർജ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
പോളിസിയിൽ ഇൻഷുർ ചെയ്ത വ്യക്തിക്കുള്ളതാണ് ആനുകൂല്യങ്ങൾ. അടിയന്തിര ആരോഗ്യ കേസുകൾ, അടിയന്തിര ‘കോവിഡ്-19’ കേസുകൾ, പൊതു അപകടങ്ങളും മരണങ്ങളും, വിമാനയാത്ര റദ്ദാക്കുക അല്ലെങ്കിൽ വൈകുക എന്നീ സാഹചര്യങ്ങളിൽ പോളിസി ഉടമയ്ക്ക് സമഗ്രമായ ഇൻഷുറൻസ് കവറേജ് നൽകുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ചികിത്സ, ആശുപത്രിയിലെ കിടത്തം, ഗർഭധാരണവും പ്രസവവും, അടിയന്തര ദന്തരോഗ കേസുകൾ, ട്രാഫിക് അപകട പരിക്കുകൾ, ഡയാലിസിസ് അത്യാഹിതങ്ങൾ, ആന്തരികവും ബാഹ്യവുമായ മെഡിക്കൽ ഇവാക്യുവേഷൻ എന്നിവ അടിയന്തര ആരോഗ്യ പരിരക്ഷയിൽ ഉൾപ്പെടുന്നു.
ആകസ്മികമായ ശാശ്വത അംഗവൈകല്യം, അപകട മരണ കേസുകൾ, പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണം, മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ, കോടതി വിധിച്ച ബ്ലഡ് മണി എന്നിവ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്ന പൊതുകവറേജുകൾ ആണ്. വിമാനം വൈകൽ, യാത്ര റദ്ദാക്കൽ എന്നിവക്കുള്ള നഷ്ടപരിഹാരങ്ങൾ യാത്രാസംബന്ധമായ ഈ കവറേജുകളിലുൾപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
