'പഴുതടച്ച പരിശോധന'; നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുത്തു, ഒരാഴ്ചക്കിടെ 23,000 ട്രാഫിക് നിയമലംഘനങ്ങള്‍
അശ്രദ്ധമായി വാഹനമോടിച്ച 20 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ 134 വാഹനങ്ങളും ആറ് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ ഭാഗങ്ങളില്‍ കര്‍ശന ട്രാഫിക്ക് പരിശോധനയുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം. പരിശോധനയില്‍ ആകെ 23,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
അശ്രദ്ധമായി വാഹനമോടിച്ച 20 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ 134 വാഹനങ്ങളും ആറ് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. ഇവ ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 18 ജുവനൈലുകളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. 224 ഗുരുതരമായ അപകടങ്ങളും 1,518 ചെറിയ അപകടങ്ങളും ഉൾപ്പെടെ 1,742 അപകടങ്ങളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പട്രോളിംഗ് കഴിഞ്ഞ ഒരാഴ്ചക്കിടെ കൈകാര്യം ചെയ്തത്.
വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 27 പേരെ പിടികൂടാൻ സാധിച്ചു. താമസ കാലാവധി കഴിഞ്ഞ 12 പേരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പൊലീസിന് കഴിഞ്ഞു. മയക്കുമരുന്ന് കേസില്‍ പിടികൂടിയ രണ്ട് പേരെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോളിലേക്ക് റഫര്‍ ചെയ്തുവെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് അവയർനസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മേജർ അബ്‍ദുള്ള ബു ഹസ്സൻ പറഞ്ഞു.
Read Also - തേജ് ചുഴലിക്കാറ്റ്; പൊതു-സ്വകാര്യ മേഖല ജീവനക്കാർക്ക് രണ്ട് ദിവസം അവധി, പ്രഖ്യാപനവുമായി ഒമാന്‍
സംഗീതപരിപാടികളുടെ വ്യാജ ടിക്കറ്റുകള്‍; സോഷ്യൽ മീഡിയ വഴി വന്‍ തട്ടിപ്പ്, പ്രവാസിയെ കുടുക്കി അധികൃതര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ വഴി വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന്‍റെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റിന്‍റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മൊബൈൽ ഫോൺ നമ്പർ കരാറുകളിൽ കൃത്രിമം കാണിക്കുകയും തെറ്റായ പേരുകളിൽ രജിസ്റ്റർ ചെയ്യുന്നതും അടക്കമുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്. വ്യാജ വാണിജ്യ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ട്‌സ്ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സംഗീതപരിപാടികളുടെ ടിക്കറ്റുകള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞു പറ്റിച്ച് ബാങ്ക് ലിങ്കുകൾ അയച്ചുകൊടുക്കുകയും പിന്നീട് പണം തട്ടുകയുമാണ് ഇവരുടെ രീതി.
ഇത്തരത്തില്‍ പ്രതികള്‍ നിരവധി വ്യക്തികളെ കബളിപ്പിച്ചതായി വ്യക്തമായി. തുടര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ 75-ലധികം മൊബൈൽ ഫോൺ ലൈനുകളും വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...