മുപ്പത് മണിക്കൂറാണ് വിമാനം വൈകിയത്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്‌സ് 544 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. ശനിയാഴ്ച രാത്രി 8.45 ന് ദുബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 2.45നാണ് പുറപ്പെട്ടത്.

മുപ്പത് മണിക്കൂറാണ് വിമാനം വൈകിയത്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ ഞായറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങളാണ് മുടങ്ങിയത്. ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു തിരുവനന്തപുരം കടയ്ക്കല്‍ സ്വദേശി മുഹമ്മദിന്റെ നിക്കാഹ് നിശ്ചയിച്ചിരുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കിയ വിശദീകരണം. 50 സ്ത്രീകളും 20 കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് വിമാനം വൈകിയതോടെ പ്രയാസത്തിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ലഭിക്കുന്നത് ഒരാഴ്ച കഴിഞ്ഞാണ്. ഇതും സാധാരണക്കാരായ യാത്രക്കാരെ വലയ്ക്കുന്നു. 

Read Also - ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷ വാർത്ത; ഇ- വിസ റെഡി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്

ഗോ ഫസ്റ്റ് ഉടനെ പറക്കില്ല; വീണ്ടും ഫ്ലൈറ്റ് റദ്ദാക്കി 

ദില്ലി: രാജ്യത്തെ ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായ ഗോ ഫസ്റ്റ് വീണ്ടും ഫ്ലൈറ്റ് റദ്ദാക്കൽ നീട്ടി. മെയ് മൂന്ന് മുതൽ സർവീസ് നിർത്തിവെച്ച ഗോ ഫസ്റ്റ് ഈ ആഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജൂലൈ 30 വരെയാണ് ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുന്നത്. 

മെയ് രണ്ടിന് സർവീസ് നിർത്തിയ ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തിരുന്നു. എയർലൈനിന്റെ ബാധ്യതകൾ ഉടനടി തീർക്കാൻ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്നി കമ്പനിയുടെ ഭഗത്ത് നിന്നുണ്ടായ കാലതാമസം കാരണമെന്ന് ഗോ ഫാസ്റ്റ് ആരോപിച്ചു. 

11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് നിരവധി ബാങ്കുകളിൽ നിന്ന് ഫണ്ടിംഗ് നേടിയിട്ടുണ്ട്, ബാങ്കുകൾ ഫണ്ട് അനുവദിച്ച് കഴിഞ്ഞാൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളിണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...