ഫൈനൽ എക്സിറ്റ് വിസക്കാരായി 23 പേരാണുള്ളത്. ഇവർക്ക് രാത്രി മുഴുവൻ എയർപ്പോർട്ടിൽ തന്നെ കഴിയേണ്ടി വന്നു. കൂട്ടത്തിൽ ഒന്നുരണ്ട് സ്ത്രീകളുമുണ്ട്.

റിയാദ്: ഞായറാഴ്ച രാത്രി 11.55 ന് റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി. നൂറോളം യാത്രക്കാർ റിയാദിൽ കുടുങ്ങി. അടുത്ത വിമാനവും കാത്ത് റിയാദിലെ ഹോട്ടലിൽ കഴിയുകയാണ് അവർ. എമിഗ്രേഷൻ നടപടികൾ ഉൾപ്പടെ പൂർത്തിയാക്കി യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയിരുത്തി രണ്ട് മണിക്കൂറിന് ശേഷമാണ് യന്ത്രത്തകരാറെന്ന കാരണം പറഞ്ഞ് യാത്ര റദ്ദാക്കിയത്.

വിമാനത്തിൽ കയറ്റിയിരുത്തി 15 മിനുട്ടിന് ശേഷം സാങ്കേതിക പ്രശ്നങ്ങൾ മൂലം പുറപ്പെടാൻ അൽപം വൈകും എന്ന അനൗൺസ്മെൻറ് ആദ്യം വന്നു. സമയം ഇഴഞ്ഞുനീങ്ങുന്നതിനിടെ അൽപം കൂടി വൈകും എന്ന് പറഞ്ഞ് വീണ്ടും അനൗൺസുമെൻറുണ്ടായി. ഒന്നര മണിക്കൂറായപ്പോൾ യന്ത്രത്തകരാറ് കാരണം സർവിസ് റദ്ദാക്കുന്നു എന്ന അന്തിമ അറിയിപ്പെത്തി. തുടർന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നവരെ ആദ്യം വിമാനത്തിൽനിന്ന് ഇറക്കി. ശേഷം റീഎൻട്രി വിസക്കാരെയും. അപ്പോഴേക്കും രണ്ട് മണിക്കൂർ പിന്നിട്ടിരുന്നു.

പിന്നെയും രണ്ട് മണിക്കൂറോളമെടുത്ത് റീഎൻട്രിക്കാരെ കൗണ്ടറുകളിൽ എത്തിച്ച് നേരത്തെ പൂർത്തിയാക്കിയിരുന്ന എമിഗ്രേഷൻ നടപടികളെല്ലാം റദ്ദ് ചെയ്ത് എല്ലാവർക്കും പുതിയ റീ എൻട്രി വിസ ഇഷ്യൂ ചെയ്തു. ചെക്കിൻ ചെയ്ത ബാഗേജുകളെല്ലാം തിരിച്ചെടുത്ത് യാത്രക്കാരെ തിരികെയേൽപിച്ചു.
പുലർച്ചെ നാലോടെ റീഎൻട്രി വിസക്കാരെ മിനി ബസുകളിലായി വിമാനത്താവളത്തിൽനിന്ന് ഏതാനും കിലോമീറ്ററകലെ ഗൊർണാഥയിലുള്ള മെർത്തീൽ എന്ന ഹോട്ടലിലെത്തിച്ചു. ഇതിൽ 60ഓളം പേരാണുള്ളത്. ചൊവ്വാഴ്ച പുലർച്ചയോടെ അടുത്ത വിമാനത്തിൽ കൊണ്ടുപോകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഫൈനൽ എക്സിറ്റ് വിസക്കാരായി 23 പേരാണുള്ളത്. ഇവർക്ക് രാത്രി മുഴുവൻ എയർപ്പോർട്ടിൽ തന്നെ കഴിയേണ്ടി വന്നു. കൂട്ടത്തിൽ ഒന്നുരണ്ട് സ്ത്രീകളുമുണ്ട്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ഇവരെയും ഹോട്ടലിലേക്ക് മാറ്റി. 

Read Also - നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

അതേസമയം ഗള്‍ഫ് നാടുകളിലേക്കും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുകയാണ് പ്രവാസി മലയാളികള്‍. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ഇത് നിരസിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി. 

ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്നും വ്യോമയാന മന്ത്രി മറുപടിയിൽ വ്യക്തമാക്കി. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മാർച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...