എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്‌ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്.

ഹൈദരാബാദ്: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്.

ഇതോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ ആശങ്കയിലായി. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്‌ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. AI951 ഹൈദരാബാദ്-ദുബൈ വിമാനത്തിലെ ഒരു യാത്രക്കാരന്‍ വിമാനം ഹൈജാക്ക് ചെയ്യാന്‍ പദ്ധതിയിടുന്നെന്നായിരുന്നു സന്ദേശം. ഇയാള്‍ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ചാരനാണ് എന്നും സന്ദേശത്തില്‍ പറയുന്നു. 

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഇ മെയില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് സംഭവത്തില്‍ അന്വേഷണം നടത്തി. ഇ മെയിലില്‍ പറഞ്ഞിരിക്കുന്ന യാത്രക്കാരനെ ഉള്‍പ്പെടെ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് കൈമാറി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നിറക്കി പരിശോധിച്ചു. വിമാനത്തിലും വിശദ പരിശോധന നടത്തി. പിന്നീട് യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ പോകാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭീഷണി അടിസ്ഥാനരഹിതമാണെന്നും വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും വ്യക്തമായതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

Read Also- കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

സംശയം തോന്നി എക്‌സ്‌റേ പരിശോധന; ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ടു യാത്രക്കാരാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ 1.33 കിലോ ഹെറോയിന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

സംശയം തോന്നി എക്‌സ്‌റേ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഇവരുടെ ശരീരത്തില്‍ നിന്ന് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപിപ്പിച്ച് മയക്കുമരുന്ന് സൗദിയില്‍ സ്വീകരിക്കാനെത്തിയയാളെ അറസ്റ്റ് ചെയ്തതായി സകാത്ത്, ടാക്‌സ്, ആന്‍ഡ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. മറ്റൊരു സംഭവത്തില്‍ അസീര്‍ പ്രവിശ്യ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം അതിര്‍ത്തി സുരക്ഷാ സേന പരാജയപ്പെടുത്തി. അസീര്‍ പ്രവിശ്യയിലെ അല്‍റബൂഅ സെക്ടര്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 51,000 ലഹരി ഗുളികകള്‍ സൈന്യം പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...