രാജ്യത്തെ താപനില 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നു.

അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജൂലൈ 15ന് അബുദാബിയിലെ ബദാ ദഫാസില്‍ (അല്‍ ദഫ്ര മേഖല) ആണ് ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 50.1 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച ഉച്ചയ്ക്ക 2.30ന് ഇവിടെ രേഖപ്പെടുത്തിയത്. അടുത്തിടെയായി താപനില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 

 രാജ്യത്തെ താപനില 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നു. താപനില ഉയരുന്ന സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് ഏറ്റവും കൂടുതലുള്ള സമയങ്ങളില്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും യുഎഇയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും ധരിച്ച് സൂര്യപ്രകാശത്തില്‍ നിന്നും പരിരക്ഷ നേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Read Also -  മോദിയെ വരവേറ്റ് യുഎഇ; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ, വീഡിയോ

ഇവിടെ കുട്ടികളുടെ സംരക്ഷണം പരമപ്രധാനം; ഇല്ലെങ്കില്‍ ജയില്‍ശിക്ഷയും പിഴയും

ഫുജൈറ: കാറില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയവും ഫുജൈറ പൊലീസും. ഇത്തരത്തില്‍ കുട്ടികളെ കാറില്‍ തനിച്ചിരുത്തി പോയാല്‍ കര്‍ശന ശിക്ഷയാണ് ലഭിക്കുക. 

10 വര്‍ഷം വരെ തടവുശിക്ഷയും 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള ശിക്ഷ. ഇതു സംബന്ധിച്ച് ഫുജൈറ പൊലീസ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'നിങ്ങളുടെ കുട്ടികള്‍, നിങ്ങളുടെ ഉത്തരവാദിത്വം' എന്ന പദ്ധതി വഴി ഇത്തരത്തില്‍ കാറില്‍ കുട്ടികളെ തനിച്ചാക്കിയാലുണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള ബോധവത്കരണവും പൊലീസ് നടത്തുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാത്ത സാഹചര്യത്തില്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. കുട്ടികള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് യുഎഇയിലെ 2016ലെ മൂന്നാം നമ്പര്‍ ഫെഡറല്‍ നിയമം. യുഎഇയില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാതിരിക്കുന്നത് മാതാപിതാക്കള്‍ക്കോ കുട്ടികളുടെ ഗാര്‍ഡിയനോ ജയില്‍ശിക്ഷയോ 5,000 ദിര്‍ഹം പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷനും ഓര്‍മ്മപ്പെടുത്തിയിരുന്നു.

Read Also - 'ആധുനിക ദുബൈയുടെ ശില്‍പ്പി'ക്ക് 74-ാം ജന്മദിനം; ശൈഖ് മുഹമ്മദിന്റെ ജീവിതരേഖയിലെ സുപ്രധാന സംഭവങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News