ചികിത്സാ പിഴവ് മൂലമുണ്ടായ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഡോക്ടര്‍ 1,00000 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബഹ്‌റൈന്‍ പൗരന്‍ കേസ് ഫയല്‍ ചെയ്തത്.

മനാമ: ശരിയായ രോഗ നിര്‍ണയം നടത്താത് മൂലം രോഗിയുടെ വൃഷണം തന്നെ നീക്കെ ചെയ്യേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ മകന് ശരിയായ ചികിത്സ നല്‍കിയില്ലെന്നും ഇത് കാരണം മകന്റെ വൃഷണം തന്നെ നീക്കം ചെയ്യേണ്ടി വന്നെന്നും ചൂണ്ടിക്കാണിച്ച് പിതാവാണ് കേസ് ഫയല്‍ ചെയ്തത്.

2019 ജനുവരിയില്‍ കുട്ടിക്ക് 15 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചികിത്സാ പിഴവ് മൂലമുണ്ടായ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഡോക്ടര്‍ 1,00000 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബഹ്‌റൈന്‍ പൗരന്‍ കേസ് ഫയല്‍ ചെയ്തത്. രണ്ട് കക്ഷികള്‍ക്കും വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുന്നതിനായി കേസ് നടപടിക്രമങ്ങള്‍ സെപ്തംബര്‍ അഞ്ചിലേക്ക് മാറ്റി വെക്കാന്‍ കോടതി തീരുമാനിച്ചു. 

ഛര്‍ജ്ജിയും കടുത്ത വയറുവേദനയും വൃഷണത്തിന്റെ ഇടതുവശത്ത് വേദനയും അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കുട്ടിയെ പരിശോധിച്ച ശേഷം വേദനസംഹാരികളും ഛര്‍ദ്ദി തടയാനുള്ള മരുന്നുകളും മാത്രമാണ് ഡോക്ടര്‍ കുറിച്ചത്. തൊട്ടടുത്ത ദിവസം വേദന അസഹ്യമായതോടെ കുട്ടിയെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ എമര്‍ജന്‍സി വാര്‍ഡിലേക്ക് കൊണ്ടുപോയി. അവിടെ അഡ്മിറ്റ് ചെയ്ത ശേഷം എക്‌സ് റേ, വിദഗ്ധ മെഡിക്കല്‍ പരിശോധനകള്‍ എന്നിവ നടത്തിയപ്പോഴാണ് കുട്ടിക്ക് ടെസ്റ്റിക്കുലാര്‍ ടോര്‍ഷന്‍ ഉള്ളതായി കണ്ടെത്തിയത്. വൃഷണത്തിലേക്കുള്ള രക്ത ചംക്രമണം തടസ്സപ്പെട്ടത് മൂലം ഇടത് വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ഈ അവസ്ഥയ്ക്ക് അടിയന്തര ചികിത്സ ആവശ്യമായിരുന്നു എന്നാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അവഗണിച്ച് ഡോക്ടര്‍ വേദനസംഹാരികള്‍ മാത്രമെ നിര്‍ദ്ദേശിച്ചിരുന്നെന്ന് വ്യക്തമായതായും ആറു മണിക്കൂറിനകം ശരിയായ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ വൃഷണ കോശങ്ങളെ രക്ഷിക്കാമായിരുന്നെന്നും മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗിയുടെ പിതാവിനോട് പറഞ്ഞു.

Read Also -  കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തുന്നതിലുണ്ടായ വീഴ്ചയും കുട്ടിയുടെ വൃഷണം നീക്കം ചെയ്തതും വലിയ കുറ്റമാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം വലത് വൃഷണം നീക്കം ചെയ്യാതെ രക്ഷിച്ചു. പരാതിക്കാരന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നല്‍കിയതോടെ രണ്ട് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തില്‍ ഡോക്ടറുടെ അനാസ്ഥ ശരിവെക്കുകയായിരുന്നു. 

മുമ്പ് പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിയെ ഈ സംഭവം പ്രതികൂലമായി ബാധിച്ചെന്നും മാതാവിന് കുട്ടിയുടെ പരിചരണത്തിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നെന്നനും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...