അവധിക്കാലത്ത് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ടിക്കെറ്റടുത്ത് ഒരുങ്ങിയ നിരവധി യാത്രക്കാരെയാണ് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രതിസന്ധിയിലാക്കിയത്.
ദോഹ: പ്രവാസി യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് രാവിലെ 11.50ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 376 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. എയർപോർട്ടിലെത്തിയ ശേഷമാണ് പലരും വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷനിലാണ് വിമാനം റദ്ദാക്കിയ വിവരം കാണിച്ചിരുന്നത്. അവധിക്കാലത്ത് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ടിക്കെറ്റടുത്ത് ഒരുങ്ങിയ നിരവധി യാത്രക്കാരെയാണ് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രതിസന്ധിയിലാക്കിയത്.
വെള്ളിയാഴ്ച സാങ്കേതിക തകരാറിനെത്തുടർന്ന് മുടങ്ങിയ ദോഹ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റീ ഷെഡ്യൂൾ ചെയ്ത് ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചെക്കിങ്ങും ബോഡിങ്ങും കഴിഞ്ഞ് യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷമായിരുന്നു റദ്ദാക്കിയത്. മണിക്കൂറോളം വിമാനത്തിലിരുന്ന ശേഷം 185 യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു.
ജൂലൈ 24 നും ദോഹയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് മുടങ്ങിയിരുന്നു. ജൂലൈ 23ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് രണ്ട് മണിക്കൂർ പറന്നശേഷം എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്ര റദ്ദാക്കി തിരിച്ചിറങ്ങിയിരുന്നു. വേനൽ അവധിയായതിനാൽ തന്നെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തത് നിരവധി പേരാണ്. ഈ സീസണിൽ ടിക്കറ്റ് നിരക്കിൽ വലിയ വർധനവുണ്ടാകുന്നതിനാൽ കൂടുതൽ പേരും താരതമ്യേന ടിക്കറ്റ് നിരക്ക് കുറവുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിനെയാണ് ആശ്രയിക്കുന്നത്. തുടർച്ചയായി വിമാനങ്ങൾ റദ്ദാക്കുന്നതും മുന്നറിയിപ്പുകൾ നേരത്തെ നൽകാത്തതും യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം ഉണ്ടാകുന്ന സാങ്കേതിക തകരാറുകൾ അടക്കം ആവർത്തിക്കുന്നതും നിരവധി പ്രവാസികളെയാണ് ദുരിതത്തിലാക്കുന്നത്.

