പ്രാദേശികമായി മദ്യ നിര്‍മ്മാണം നടത്തിയ പ്രവാസിക്കാണ് തീപിടിത്തത്തില്‍ പരിക്കേറ്റത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്ക്. ജലീബ് അല്‍ ഷുയൂഖ് മേഖലയിലാണ് സംഭവം.
പ്രാദേശികമായി മദ്യ നിര്‍മ്മാണം നടത്തിയ പ്രവാസിക്കാണ് തീപിടിത്തത്തില്‍ പരിക്കേറ്റതെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായ പ്രവാസിയെ അഗ്നിശമനസേന അംഗങ്ങളെത്തി രക്ഷപ്പെടുത്തി. ഇയാളെ പാരമെഡിക്കല്‍ സംഘത്തിന് കൈമാറുകയും ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അനധികൃത മദ്യനിര്‍മ്മാണം നടത്താനുപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവാസിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ചെയ്യുമ്പോള്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും.
Read Also - നടപ്പാതയിലൂടെ വാഹനമോടിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഉടനടി അറസ്റ്റ്
മതിയായ രേഖകളില്ല; ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ 62 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തിയതായി അറിയിച്ച് കുവൈത്തിലെ ശ്രീലങ്കന്‍ എംബസി. അനധികൃതമായി താത്കാലിക പാസ്‌പോർട്ടിൽ താമസിച്ചവരെയാണ് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവർ കടുനായകെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നാടുകടത്തപ്പെട്ടവരില്‍ 59 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്. ഗാര്‍ഹിക സേവന തൊഴിലുകളിലെ കരാറുകള്‍ അവസാനിച്ച ശേഷം കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു ഇവര്‍. 250 ദിനാർ മാസ ശമ്പളത്തിൽ കുവൈത്തിലെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിച്ചിരുന്നവരാണ് ഇവരെന്ന് ശ്രീലങ്കൻ എംബസി വക്താവ് പറഞ്ഞു.
കുവൈത്തിലെ ശ്രീലങ്കൻ എംബസി, ആഭ്യന്തര മന്ത്രാലയം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കോടതികൾ, മറ്റ് ബന്ധപ്പെട്ട അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ അവരുടെ താത്കാലിക പാസ്പോര്‍ട്ടുകള്‍ തയാറാക്കി ശ്രീലങ്കയിലേക്ക് തിരിച്ച് അയക്കുകയായിരുന്നു. രണ്ടായിരത്തിലധികം ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങാൻ കുവൈത്തിലെ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
