സ്വദേശിവത്കരണ നിയമം ലംഘിച്ചു; 500ലേറെ കമ്പനികള്‍ക്ക് പിഴ ചുമത്തി
നിലവില്‍ 81,000ത്തിലേറെ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.

ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആകെ 565 കമ്പനികള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തിയത്. ചില കമ്പനികളെ തരംതാഴ്ത്തിയതായും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 81,000ത്തിലേറെ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. 17,000 കമ്പനികളിലാണ് ഇത്രയും സ്വദേശികള്‍ ജോലി ചെയ്യുന്നത്. 2026 അവസാനത്തോടെ സ്വകാര്യ മേഖലയില്‍ 10 ശതമാനം സ്വദേശിവത്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. വര്‍ഷത്തില്‍ രണ്ടു ശതമാനമെന്ന നിലയിലാണ് ടാര്‍ഗറ്റ്. അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു.
Read Also - കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യം ഇത്തവണ നേരത്തെ എത്തും
മനാമ: ജിസിസി രാജ്യങ്ങളില്‍ ഇത്തവണ ശൈത്യകാലം നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. മധ്യ, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴയുള്ള സാഹചര്യം മൂലവും സൈബീരിയയിലെ അതിശൈത്യവും മുന്‍നിര്‍ത്തിയാണ് വിദഗ്ധരുടെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ അസൗമിയാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ എത്തുന്ന ശൈത്യകാലം ഇക്കുറി പതിവിലും വ്യത്യസ്തമായി കുറച്ചുകാലം കൂടി നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
ശൈത്യകാലത്തിന്റെ സൂചനയായി കഴിഞ്ഞ ആഴ്ച സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കൊടുംചൂടില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാണ് ശൈത്യകാലം. ഉച്ചവിശ്രമ നിയമം ഉണ്ടെങ്കിലും പല ദിവസങ്ങളിലും രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഹ്യുമിഡിറ്റി വലിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...