ദസറയും ദീപാവലിയും എത്തുന്ന സാഹചര്യത്തില്‍ വില വീണ്ടും വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

ദുബൈ: യുഎഇയില്‍ സ്വര്‍ണവില കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ ഗ്രാമിന് 204.25 ദിര്‍ഹമാണ് കുറഞ്ഞ വില. 

24 കാരറ്റിന് 220.5 ദിർഹവും 21 കാരറ്റിന് 197.5 ദിർഹവും 18 കാരറ്റിന് 169.25 ദിർഹവുമാണ് ഇന്നലത്തെ വില. എന്നാല്‍ ദസറയും ദീപാവലിയും എത്തുന്ന സാഹചര്യത്തില്‍ വില വീണ്ടും വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. സ്വര്‍ണവിലയില്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളുണ്ടാകുന്ന സാഹചര്യത്തില്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വില ലോക്ക് ചെയ്യാനുള്ള സൗകര്യവും പല ജുവലറികളും പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും വിലക്കുറവ് പ്രയോജനപ്പെടുത്താം. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയാല്‍ മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ നിന്ന് നികുതി തുക തിരികെ വാങ്ങാനും സാധിക്കും. അഞ്ച് ശതമാനമാണ് മൂല്യവര്‍ധിത നികുതി. സ്വര്‍ണം വാങ്ങുന്ന സമയത്ത് മുടക്കുന്ന ഈ തുക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ തിരികെ ലഭിക്കും.

അതേസമയം ഇന്ന് 22 കാരറ്റിന് ഗ്രാമിന് 205.5 ദിര്‍ഹവും 24 കാരറ്റ് ഒരു ഗ്രാമിന് 222 ദിര്‍ഹവും 21 കാരറ്റിന് 199 ദിര്‍ഹവും 18 കാരറ്റിന് 170.5 ദിര്‍ഹവുമായി ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ വിപണിയില്‍ വില ചാഞ്ചാട്ടമുണ്ടാകും. 

Read Also - വിമാനത്താവളത്തില്‍ പരിശോധനക്കിടെ യുവതിയുടെ കൈവശമുള്ള പെട്ടി തുറന്നപ്പോള്‍ അമ്പരന്ന് അധികൃതര്‍; വിചിത്ര കാരണവും

യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; നാലു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും

അബുദാബി: യുഎഇയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനായി നാല് മാസത്തെ ഗ്രേസ് പിരീഡ്. സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. 

ഫ്രീ സോണുകള്‍, അര്‍ദ്ധ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ടെന്ന് നിയമ ഉപദേഷ്ടാവായ മുഹമ്മദ് നജീബ് വ്യക്തമാക്കി. 2022ലെ 604-ാം നമ്പര്‍ മന്ത്രിതല പ്രമേയം അനുസരിച്ച് ജോലി തുടങ്ങിയ ജീവനക്കാര്‍ക്ക് യുഎഇ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. 2023 ജനുവരി ഒന്നിന് ശേഷം ജോലി ചെയ്യുന്ന തൊഴിലാളികള്‍ യുഎഇയില്‍ പ്രവേശിച്ച് നാലു മാസത്തിനകം രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ ഒന്നിന് രജിസ്‌ട്രേഷനുള്ള സമയം അവസാനിച്ച ശേഷം ജോലിയില്‍ പ്രവേശിച്ച പുതിയ ജീവനക്കാര്‍ക്കും ഈ ഗ്രേഡ് പിരീഡ് ബാധകമാണെന്നും മുഹമ്മദ് നജീബ് പറഞ്ഞു. നാലു മാസത്തിന് ശേഷവും പദ്ധതിയില്‍ അംഗമാകാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ബാധകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...