ഒരു വര്‍ഷത്തോളമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ് ഇവര്‍. ഓരോ സീരീസ് നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരില്‍ ടിക്കറ്റ് വാങ്ങും.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എത്യോപ്യക്കാരനും പ്രവാസി മലയാളിയും വിജയികളായി. രണ്ടുപേര്‍ക്കും 10 ലക്ഷം ഡോളര്‍ (എട്ട് കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിച്ചത്. 36കാരനായ ഷംസുദ്ദീന്‍ ചെരുവാറ്റന്റവിട ആണ് കോടികളുടെ സമ്മാനം നേടിയ മലയാളി.

ദുബൈയിലെ ജബല്‍ അലിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍, ഒമ്പത് സുഹൃത്തുക്കള്‍ക്കും സഹോദരനുമൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഒരു വര്‍ഷത്തോളമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ് ഇവര്‍. ഓരോ സീരീസ് നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരില്‍ ടിക്കറ്റ് വാങ്ങും. റെസ്റ്റോറന്റുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും പിആര്‍ഒ ആയി പ്രവര്‍ത്തിച്ച് വരുന്ന ഇദ്ദേഹത്തിന് മൂന്ന് മക്കളാണ് ഉള്ളത്. വിജയിയായ വിവരം അറിഞ്ഞപ്പോള്‍ ഷംസുദ്ദീന്‍ അമ്പരന്ന് പോയി. ഈ സമ്മാനം തങ്ങളെ വളരെയേറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ പ്രൊമോഷനില്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കുന്ന 216-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം. 

എത്യോപ്യക്കാരനായ 48കാരന്‍ ടെക്ലിറ്റ് ടെസ്ഫായേ ആണ് മറ്റൊരു വിജയി. റാസര്‍ഖൈമ ഫ്രീ സോണില്‍ വ്യാപാര കമ്പനി നടത്തുകയാണ് ഇദ്ദേഹം. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന രണ്ടാമത്തെ എത്യോപ്യക്കാരനാണ് ഇദ്ദേഹം. 

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോ വഴി പ്രവാസി ഇന്ത്യക്കാരിയായ സമൈറ ഗ്രോവറിന് ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി ലഭിച്ചു. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് മോട്ടോര്‍ ബൈക്കുകളും സമ്മാനമായി ലഭിച്ചു. 

Read Also- ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്ത സംഭവം; എയര്‍ലൈന്‍ നഷ്ടപരിഹാരം നൽകി

റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നൽകിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സർവിസ് നടത്തിയ സ്പൈസ് ജെറ്റിെൻറ എസ്.ജി 35 വിമാനത്തിലാണ് ജീവനക്കാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഉംറ വിസയില്‍ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ട് വയസുള്ള കുട്ടിക്ക് സീറ്റ് നൽകിയില്ല എന്നതായിരുന്നു പരാതി.

ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ 33,000 രൂപയാണ് നഷ്ടപരിഹാരമായി സ്പൈസ് ജെറ്റ് വിമാനക്കമ്പനി നൽകിയത്. ഭാവിയില്‍ സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ 33,000 രൂപയുടെ വൗച്ചര്‍ വിമാന കമ്പനിയില്‍ നിന്നും ലഭിച്ചതായി പരാതിക്കാരി അറിയിച്ചു. പരാതിയെക്കുറിച്ച് സ്പൈസ് ജെറ്റ് കമ്പനി ബന്ധപ്പെട്ട ജീവനക്കാരോടും ട്രാവല്‍ ഏജന്‍സിയോടും വിശദീകരണം ചോദിച്ചിരുന്നു.

തുടര്‍ന്ന് സ്പൈസ് ജെറ്റിന്‍റെ ആസ്ഥാനത്ത് നിന്ന് പരാതിക്കാരിയെ നേരിട്ട് വിളിച്ചും വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ മോശം അനുഭവത്തിന് ക്ഷമ ചോദിച്ച സ്പൈസ് ജെറ്റ് കമ്പനി നഷ്ടപരിഹാരം നല്കാന്‍ സന്നദ്ധരാണെന്ന് ആദ്യമേ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരിയുടെ നിരന്തരമായ കത്തിടപാടുകള്‍ക്ക് ശേഷമാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.
മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും, ബോര്‍ഡിങ് പാസില്‍ സീറ്റ് നമ്പര്‍ ഉണ്ടായിട്ടും കുട്ടിക്ക് ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതാവ് സ്പൈസ് ജെറ്റിനും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കുമാണ് പരാതി നൽകിയിരുന്നത്.

ജീവനക്കാരോട് സീറ്റ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല എന്നതായിരുന്നു പരാതി. യാത്രയിലുടനീളം കുട്ടിയെ മടിയില്‍ ഇരുത്തേണ്ടി വന്നതായി ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും സഹിതമാണ് മാതാവ് പരാതി നൽകിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...