ശക്തമായ തിരയില്‍പ്പെട്ട് ബീച്ച് നവീകരണത്തിനായി കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ തലയിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

ഫുജൈറ: കടലില്‍ കുളിക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദാണ് (38) മരിച്ചത്. 

ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലാണ് സംഭവം ഉണ്ടായത്. ആറുവര്‍ഷമായി പ്രവാസിയാണ് ഇദ്ദേഹം. ഫുജൈറ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്നു നൗഷാദ്. അവധി ആയതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് ബീച്ച് നവീകരണത്തിനായി കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ തലയിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ശക്തമായ തിരയായതിനാല്‍ കൂടെയുണ്ടായിരുന്നവര്‍ക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അര്‍ഷ നൗഷാദ്, മകള്‍: ഐറ മറിയം, പിതാവ്: പരേതനായ വാലിയില്‍ കുഞ്ഞിമോന്‍, മാതാവ് ഫാത്തിമ. 

Read Also -  കുട്ടിയെ കാറില്‍ മറന്നു, കടയില്‍ തിരക്കിലമര്‍ന്ന് അമ്മ, പിന്നീട് സംഭവിച്ചത്; കണ്ണ് തുറപ്പിക്കും ഈ വീഡിയോ

നാട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ആരോഗ്യപ്രശ്നങ്ങൾ കാരണം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിലെത്തി വൈകാതെ മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

ബുറൈദ ഫൈസിയയിലെ ഗ്രോസറിയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ അസീസിന് കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയിൽ വൃക്ക തകരാർ കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകാൻ ഡോക്ടർമാർ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സുഹൃത്തുക്കളും തൊഴിലുടമായ സ്വദേശിയും ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാൻ ഖസീം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ശരീരം കുഴയുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.

പരിശോധനക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചുവന്നത്. പരേതരായ മീരാൻ, ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. ഏകമകൾ: അസീന. മരുമകൻ: റമീസ് റഷീദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ബുറൈദ കെ.എം.സി.സി രംഗത്തുണ്ട്.

Read Also -  15 വര്‍ഷം മുമ്പുള്ള കേസ് മലയാളി ഹജ്ജ് തീർത്ഥാടകന് വിനയായി; ജയിൽവാസവും 80 അടിയും ശിക്ഷ, ഒടുവിൽ ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...