Asianet News MalayalamAsianet News Malayalam

മരുഭൂമിയില്‍ കുതിരപ്പുറത്ത് പാഞ്ഞ് മലയാളികള്‍; ഇത് ലക്ഷ്യങ്ങളിലേക്കുള്ള 'സ്വപ്നസവാരി'

പുലര്‍ച്ചെ അഞ്ചു മണിയോടെ സംഘം ഷാര്‍ജയിലുള്ള കുതിരപ്പന്തിയിലെത്തും. പിന്നെ കുതിരകളെ തയാറാക്കുന്ന തിരക്കാണ്. ഒരു വര്‍ഷത്തോളമായി കുതിരയോട്ടത്തില്‍ സജീവമായതിനാല്‍ ഇവിടെയുള്ള ഓരോ കുതിരയെയും ഇവര്‍ക്കറിയാം.

gulf news malayalis horse riding club at dubai rvn
Author
First Published Jul 22, 2023, 3:47 PM IST

ദുബൈ: കുതിരപ്പുറത്ത് അതിവേഗം കുതിച്ചു പായുന്ന ഈ മലയാളികൾ, ലക്ഷ്യങ്ങളെ നിശ്ചയദാര്‍ഡ്യത്തോടെ തേടിപ്പിടിച്ചവരാണ്. അവരുടെ സ്വപ്നം സഫലമാക്കിയവരാണ് റോയല്‍ സ്റ്റാലിയന്‍സ്. കുതിരയോട്ടം ഇഷ്ടപ്പെടുന്ന ദുബൈ മലയാളികളുടെ കൂട്ടായ്മയാണിത്.

കുതിരയോട്ടത്തോടുള്ള ഇഷ്ടമാണ് ഇവരെ ഒന്നിപ്പിച്ചത്. ഞായറാഴ്ചകളാകാന്‍ കാത്തിരിക്കുന്നവരാണ് ഇവരല്ലാവരും. കാരണം ഞായറാഴ്ചകളിലാണ് ഇവരുടെ കുതിരയോട്ട കൂടിക്കാഴ്ചകൾ. പുലര്‍ച്ചെ അഞ്ചു മണിയോടെ സംഘം ഷാര്‍ജയിലുള്ള കുതിരപ്പന്തിയിലെത്തും. പിന്നെ കുതിരകളെ തയാറാക്കുന്ന തിരക്കാണ്. ഒരു വര്‍ഷത്തോളമായി കുതിരയോട്ടത്തില്‍ സജീവമായതിനാല്‍ ഇവിടെയുള്ള ഓരോ കുതിരയെയും ഇവര്‍ക്കറിയാം. കുതിരകൾക്ക് ഇവരെയും. ബിഗ്ബോസും റമദാനുമെല്ലാം ഇവര്‍ക്ക് ഈ കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ്.

എല്ലാവരും സജ്ജമായി കഴിഞ്ഞാല്‍ ഒരു ചെറിയ വാം അപ്പ്. കുതിരപ്പന്തിയിലെ ചെറിയ ട്രാക്കില്‍ അൽപനേരം. സവാരിക്ക് പൊരുത്തപ്പെടാനുള്ള സമയമാണിത്. ഇനി സംഘമായി മരുഭൂമിയിലേക്കുള്ള ട്രാക്കിലേക്ക്. വിദഗ്ദ പരിശീലനം നൽകിയ കുതിരകളാണ് ഓരോന്നും. ട്രെയിനറുടെ ഒരു നിര്‍ദേശം കിട്ടിയാല്‍ കുതിച്ച് പായും. അത്യാവശ്യം പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കുതിരപ്പുറത്ത് അതിവേഗത്തില്‍ കുതിച്ച് പായാന്‍ സാധിക്കൂ.

Read Also - ഗൾഫിലെ വ്യോമയാന ചരിത്രത്തിന്‍റെ കഥ പറഞ്ഞ് അൽ മഹത്താ മ്യൂസിയം
 
കുതിരയോട്ടത്തില്‍ പുലികളായ അക്ഷയും ബിജുവുമൊക്കെ കുതിരപ്പുറത്ത് അൽപം സാഹസത്തിനും തയ്യാറാണ്. കാണുമ്പോൾ ആവേശവും ആകര്‍ഷകവുമാണെങ്കിലും അത്ര എളുപ്പമല്ല, കുതിരസവാരി. മാസങ്ങളുടെ പരിശീലനം കൊണ്ടാണ് ഇവര്‍ ഇത്രയും അനായസതോടെ കുതിരയുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്നത്. ഒപ്പം കൃത്യമായ ഭക്ഷണശീലങ്ങൾ പിന്തുടര്‍ന്ന് ശരീരഭാരം ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ട് തോന്നുമെങ്കിലും വളരെ പെട്ടെന്ന് തന്നെ നമ്മൾ ഇതിന്‍റെ ആവേശത്തിലേക്ക് വഴിമാറും. പഠനത്തിനിടക്ക് കുതിരപ്പുറത്ത് നിന്ന് വീണ അനുഭവമമൊക്കെ ഇവര്‍ക്കുണ്ട്. പലരും കുടുംബമായിട്ടാണ് കുതിരസവാരിക്ക് എത്തുന്നത്. ഞായറാഴ്ചകളിലെ കുതിരസവാരി ക്ലബ്ബ് അംഗങ്ങളെ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത ഒന്നായി കഴിഞ്ഞിരിക്കുന്നു. യുഎഇയില്‍ ഒട്ടേറെ മലയാളികളാണ് ഇപ്പോൾ കുതിരയോട്ടത്തില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്.  ഇവര്‍ക്ക് നല്ലൊരു മാതൃക സമ്മാനിക്കുകയാണ് റോയല്‍ സ്റ്റാലിയൻസ്.

Follow Us:
Download App:
  • android
  • ios