പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രം ഇസ്രയേലുമായി ബന്ധം; വ്യക്തമാക്കി സൗദി കിരീടാവകാശി
പലസ്തീനികൾക്കായി ഒരു നല്ല ജീവിതം കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

റിയാദ്: ഇസ്രയേലുമായി അടുക്കുന്നതിൽ സമീപനം തുറന്നു പറഞ്ഞ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രമേ ബന്ധത്തിൽ മുന്നേറ്റമുണ്ടാവൂ എന്ന് അദ്ദേഹം പ്രതികരിച്ചു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖം ഉദ്ധരിച്ച് സൗദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ആണവ നീക്കങ്ങളിൽ സൗദിയുടെ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. 21 നൂറ്റാണ്ടിൽ ഏറ്റവും വലിയ വിജയഗാഥ സൗദിയുടേതായിരിക്കുമെന്നും, പശ്ചിമേഷ്യൻ മേഖലയിലും രാജ്യങ്ങളിലും സ്ഥിരതയും സമാധാനവും ആണ് ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ കൂട്ടിച്ചേർത്തു.
നിലവിൽ ഞങ്ങൾക്ക് ഇസ്രായേലുമായി ഒരു ബന്ധവുമില്ല. അവരുമായി ബന്ധം സ്ഥാപിക്കുന്ന വിഷയത്തിൽ പലസ്തീൻ പ്രശ്നം വളരെ പ്രധാനമാണ്. അത് പരിഹരിക്കപ്പെട്ടാലെ ഈ വഴിയിൽ മുന്നോട്ടുപോകാനാവൂ എന്നും ഇസ്രായേലുമായുള്ള ബന്ധം സംബന്ധിച്ച ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് ലേഖകെൻറ ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള നിർദേശം അമേരിക്കൻ ഭരണകൂടം മുന്നോട്ട് വെച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിൽ അമേരിക്ക വിജയിച്ചാൽ ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും അത്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നത് നല്ലതാണ്.
അത് എല്ലാ ദിവസവും മുന്നോട്ടാണ്. അത് എവിടെ എത്തുമെന്ന് ഞങ്ങൾ നോക്കുകയാണ്. പലസ്തീനികൾക്കായി ഒരു നല്ല ജീവിതം കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. യു.എസുമായി വരാനിരിക്കുന്ന കരാറുകൾ ഇരു രാജ്യങ്ങൾക്കും മേഖലയുടെയും ലോകത്തിെൻറയും സുരക്ഷയ്ക്കും പ്രയോജനകരമാകുമെന്നും കിരീടാവകാശി പറഞ്ഞു.
അതേസമയം സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. തുടർച്ചയായി രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജി.ഡി.പിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചു. രാജ്യത്തിെൻറ സമഗ്ര പുരോഗതിക്കും പരിവർത്തനത്തിനും വേണ്ടി അവതരിപ്പിച്ച ദർശന പദ്ധതിയായ ‘വിഷൻ 2030’ ഞങ്ങളുടെ വലിയ അഭിലാഷമാണ് പ്രതിഫലിപ്പിക്കുന്നത്. അതിൻറെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുകയും വലിയ അഭിലാഷങ്ങളോടെ പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
സൗദി അറേബ്യയെ എപ്പോഴും മെച്ചപ്പെടുത്തുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ പുരോഗതിയുടെ വേഗത ഉയർന്ന നിലയിൽ തന്നെ തുടരും. ഒരു ദിവസം പോലും നിർത്തുകയോ അലസരാവുകയോ ചെയ്യില്ല. നാല് വർഷത്തിനുശേഷം അടുത്ത വികസന കാഴ്ചപ്പാടായി ‘വിഷൻ 2040’ പദ്ധതി പ്രഖ്യാപിക്കും. സൗദി ജനത മാറ്റത്തിനായി ആഗ്രഹിക്കുകയും അതിനുള്ള പ്രവർത്തനങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു. ജനങ്ങളാണ് മാറ്റത്തിനായി ശ്രമിക്കുന്നത്. ഞാനും അവരിൽ ഒരാളാണ്- അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...