ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുതുതായി 13,308 പേർ അറസ്റ്റിലായി.
റിയാദ്: സൗദിയിൽ നിന്ന് താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾക്ക് പിടിയിലായ 10,205 പ്രവാസികളെ നാടുകടത്തി. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുതുതായി 13,308 പേർ അറസ്റ്റിലാവുകയും ചെയ്തു.
ജൂലൈ 20 മുതൽ 26 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7,725 താമസ ലംഘകരും 3427 അതിർത്തി നിയമ ലംഘകരും 2156 തൊഴിൽ, നിയമ ലംഘകരുമാണ് അറസ്റ്റിലായത്.
രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 572 പേർ പിടിയിലായി. ഇതിൽ 62 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 58 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് യാത്ര, താമസ സൗകര്യങ്ങൾ ഒരുക്കുകയും ഇക്കാര്യം മറച്ചുവെക്കുകയും ചെയ്ത അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.
Read Also - വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു; മൂന്ന് ശസ്ത്രക്രിയകള്‍, എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ പ്രവാസി മലയാളി
സ്വകാര്യ സ്ഥാപനങ്ങൾക്ക് വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി; കാലാവധി നീട്ടിയതായി സൗദി അധികൃതര്‍
റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവു കാലാവധി വീണ്ടും ദീർഘിപ്പിച്ചു. സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച കാലാവധിയാണ് നീട്ടിയത്. മെയ് 31 ന് അവസാനിച്ച കാലാവധിയാണ് ഏഴ് മാസത്തേക്ക് കൂടി നീട്ടി ഡിസംബര്‍ 31വരെയാക്കി പുതുക്കി.
അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സ്ഥാപനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. 2021 ജൂണിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വാറ്റ് രജിസ്ട്രേഷന്‍ വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇൻവോയിസിങ്ങുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനം എന്നിവക്ക് ചുമത്തിയ പിഴകളാണ് ഒഴിവാക്കുന്നത്. എന്നാല്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉർപ്പെടില്ല. ഇളവ് കാലം നീട്ടി നൽകിയെങ്കിലും പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
