ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലായിരുന്നു ഇദ്ദേഹം.
അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ കോടതിയാണ് ശൈഖ് സഈദിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലായിരുന്നു ഇദ്ദേഹം. ശൈഖ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 29 ശനിയാഴ്ച വരെയാണ് ദുഃഖാചരണം. രാജ്യത്ത് മൂന്ന് ദിവസം ദേശീയ പതാകകള്‍ പകുതി താഴ്ത്തി കെട്ടും.
1965ല്‍ അല്‍ഐനില്‍ ജനിച്ച ശൈഖ് സഈദ്, ബിരുദത്തിന് ശേഷം അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടിരുന്നു. 1991 മുതല്‍ 1996 വരെ തുറമുഖ വകുപ്പിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിരുന്നു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പ്രതിനിധിയായിരുന്ന അദ്ദേഹം യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, അബുദാബി കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് ഡെവലപ്‌മെന്റ്, അല്‍ വഹ്ദ സ്‌പോര്‍ട്‌സ് ക്ലബ്ബ് ചെയര്‍മാന്‍ എന്നീ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
ശൈഖ് സഈദിന്റെ നിര്യാണത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അനുശോചനം രേഖപ്പെടുത്തി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അനുശോചന സന്ദേശം അയച്ചു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും യുഎഇ പ്രസിഡന്റിനെയും രാജ്യത്തെ മറ്റ് നേതാക്കളെയും അനുശോചനം അറിയിച്ചു. ഈജിപ്ത് പ്രസിഡന്റ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി എന്നിവരും ശൈഖ് സഈദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Read Also - യുഎഇയില്‍ മെര്‍സ് വൈറസ് സ്ഥിരീകരിച്ചു
വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
അബുദാബി: വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. പുതിയ ഓഫര്‍ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. 'മിഷന്‍ ഇംപോസിബിളി'ലൂടെയാണ് ഇത്തിഹാദ് ഈ പരിമിതകാല ഓഫര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് വിമാന കമ്പനി ഒരുക്കുന്നത്.
ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും. 895 ദിര്‍ഹം മുതലാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. മുംബൈയിലേക്ക് എക്കണോമി ക്ലാസില്‍ 895 ദിര്‍ഹത്തിന് യാത്ര ചെയ്യാം. ദില്ലിയിലേക്ക് 995ദിര്‍ഹമാണ് ഓഫര്‍ കാലയളവിലെ ടിക്കറ്റ് നിരക്ക്. യൂറോപ്പിലേക്ക് 2,445 ദിര്‍ഹത്തിന് യാത്ര ചെയ്യാം. 2,445 ദിര്‍ഹമാണ് സുറിച്ചിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്ക്. 14,995 ദിര്‍ഹത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
