ഹൂതി ആക്രമണത്തില്‍ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

മനാമ: യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. മുബാറക് ഹാഷിൽ സായിദ് അൽ കുബൈസി, യഅ്ഖൂബ് റഹ്മത്ത് മൗലായ് മുഹമ്മദ് എന്നീ സൈനികരാണ് ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബഹ്റൈൻ റോയൽ എയർഫോഴ്സ് വിമാനത്തിൽ ഈസ എയർബേസില്‍ എത്തിച്ച ഇരുവരുടെയും മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ഹമദ് രാജാവിന്റെ സൈനിക ഓഫിസ് ചീഫ് ശൈഖ് അബ്ദുല്ല ബിൻ സൽമാൻ ആൽ ഖലീഫ, പ്രതിരോധ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അല്‍ നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അല്‍ നുഐമി എന്നീ ഉന്നത വ്യക്തികളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി.
Read Also - ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധസേനാ ഉപമേധാവിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫ തുടങ്ങിയവർ അനുശോചിച്ചു. കബറടക്ക ചടങ്ങിൽ കിരീടാവകാശിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബി.ഡി.എഫ് സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ