ആറുമാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയിലേക്ക് തിരിക്കുന്നത്.

ദുബൈ: യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അന്‍ നെയാദി സെപ്തംബര്‍ മൂന്നിന് (ഞായറാഴ്ച) ഭൂമിയില്‍ തിരിച്ചെത്തുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു. വെള്ളിയാഴ്ച തിരിച്ചെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് യാത്ര രണ്ടു ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു.

ആറുമാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയിലേക്ക് തിരിക്കുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്‍ഡ്രി ഫെദീവ് എന്നിവരാണ് അല്‍ നെയാദിക്കൊപ്പം ഭൂമിയിലേക്ക് മടങ്ങുന്നത്. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ സെപ്തംബര്‍ രണ്ടിന് ഇവര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് യാത്ര തിരിക്കും.

സെപ്തംബര്‍ മൂന്നിന് ഫ്‌ലോറിഡിലെ താംപ തീരത്ത് പേടകം ലാന്‍ഡ് ചെയ്യും. ആറു മാസത്തെ ദൗത്യത്തിനായി അല്‍ നെയാദി ഉള്‍പ്പെട്ട നാലംഗ ക്രൂ-6 സംഘം കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ക്രൂ-6ന് പൂര്‍ത്തിയാക്കാനാവാത്ത ജോലികള്‍ കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തില്‍ എത്തിയ ക്രൂ-7നെ ഏല്‍പ്പിച്ചാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ലാന്‍ഡിങിന് മുന്നോടിയായി കാലാവസ്ഥ പ്രവചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാസ വിലയിരുത്തി വരികയാണ്. ഇതിനകം 200ഓളം പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുഎഇ സര്‍വകലാശാലകള്‍ക്ക് വേണ്ടി 19 പരീക്ഷണങ്ങളും ഇതില്‍പ്പെടും. ഗുരുത്വാകര്‍ഷണം കുറഞ്ഞ സാഹചര്യത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നതായിരുന്ന പ്രധാന പരീക്ഷണം. 

Read Also - നിരന്തരം കഴിക്കുന്ന ഗുളികകളടക്കം 'വിനയായി'; നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

എണ്ണയിതര വ്യാപാരത്തിൽ കുതിച്ച് യുഎഇ; പ്രധാന വ്യാപാര പങ്കാളി ചൈന 

ദുബൈ: എണ്ണ ഇതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പ് പ്രകടമാക്കി യുഎഇ. ഈ വർഷത്തിലെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരം 1.24 ട്രില്യൺ ദിർഹത്തിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 14.4 ശതമാനമാണ് വർധനവ്. രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതി 5 വർഷത്തെ മികച്ച നേട്ടത്തിലെത്തി. 

2030ഓടു കൂടി നാല് ട്രില്യണിലെത്തിക്കുക ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ് 1.24 ട്രില്യൺ ദിർഹത്തിലെത്തിയ ഈ നേട്ടം. ശ്രദ്ധേയമായ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സാമ്പത്തിക മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ, നേതൃത്വത്തില്‍ തുടക്കമിട്ട സന്തുലിത വ്യാപാര നയത്തിലെ വിജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വർണ്ണം, അലുമിനിയം, ചെമ്പ് തുടങ്ങിയവയാണ് പ്രധാന എണ്ണയിതര കയറ്റുമതി. കണക്കുകളനുസരിച്ച് ചൈനയാണ് യുഎഇയുടെ പ്രധാന വ്യാപാര പങ്കാളി. 

ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തൊട്ടുപിന്നിലാക്കിയാണ് ചൈന സ്ഥാനം നിലനിർത്തിയത്. ബ്രിക്സ് അംഗത്വം കൂടിയായതോടെ യുഎഇയ്ക്ക് മുന്നിൽ കൂടുതൽ വ്യാപാര സാധ്യതകളുണ്ട്. ലോകത്ത് എണ്ണ ഉപഭോഗത്തിൽ വരാവുന്ന മാറ്റങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് യുഎഇ നയങ്ങൾ രൂപീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...