മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
റിയാദ്: ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) ആണ് മരിച്ചത്.
പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ. 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
ആന്തരികാവയവങ്ങളിൽ സാരമായ പരിക്കുകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. തുടർന്ന് അൽ ഒബൈദ് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കെ അബോധാവസ്ഥയിലാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ മറവ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
Read Also - കീടനാശിനി കുടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
വാനും ട്രെയിലറും കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വ്യാഴാഴ്ച ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി കോട്ടയിൽ (40) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് നാലു പേർക്ക് പരിക്കേറ്റു.
റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച് ട്രയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. മരിച്ച അലി കോട്ടയിലിന്റെ പിതാവ് പരേതനായ അബ്ദു. മാതാവ്: സൈനബ, ഭാര്യ: റംസീന, മക്കൾ: കെ. അദ്നാൻ, കെ. അയ്മൻ, കെ. അമാൻ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ.എം.സി.സി ഭാരവാഹി ശൗക്കത്ത് എന്നിവർ രംഗത്തുണ്ട്.
