റിയാദ്: നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ സൗദി അറേബ്യന്‍ എംബസിക്ക് നേരെ വെടിവെപ്പ്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് നേരെ ഇരുപത് തവണ വെടിച്ചതായും പൊലീസ് സ്ഥലത്തെത്തും മുമ്പ് അക്രമി രക്ഷപെട്ടതായും ഹേഗ് പൊലീസ് അറിയിച്ചു.

വെടിവെപ്പുണ്ടായ ഉടന്‍ പ്രദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതായി സൗദി എംബസി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശം വളയുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്‍തു. ആക്രമണമുണ്ടായതിന് പിന്നാലെ ഇവിടേക്കുള്ള റോഡ് അടച്ചു. സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആക്രമണത്തെ അപലപിക്കുന്നതായും എംബസി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ശക്തമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചു. നെതര്‍ലന്‍ഡ്സില്‍ കഴിയുന്ന സൗദി പൗരന്മാര്‍ക്കും എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളപ്പോള്‍ എംബസിയുമായി ബന്ധപ്പെടാന്‍ മടിക്കരുതെന്നാണ് നിര്‍ദേശം.