നേരത്തെ ഹജ്ജ് നിർവഹിക്കാത്തവർക്കാണ് മുൻഗണന

റിയാദ്: ‘നുസ്ക്’ആപ്ലിക്കേഷനിലൂടെയും ഓൺലൈനായും ഈ വർഷത്തെ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. രാജ്യത്തിനുള്ളിലെ പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ ഹജ്ജ് ബുക്കിങ് സേവനങ്ങൾ നൽകുന്നതിനാണിതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. 

ഇസ്ലാമിന്റെ അഞ്ചാം സ്തംഭമായ ഹജ്ജ് നിർവഹിക്കാൻ ഏറ്റവും കൂടുതൽ മുസ്‌ലിംകളെ പ്രാപ്തരാക്കാനുള്ള രാജ്യത്തിന്റെ താൽപ്പര്യം സ്ഥിരീകരിക്കുന്നതാണിത്. പാക്കേജുകൾ വാങ്ങുന്നതിനും അവലോകനം ചെയ്യുന്നതിനും നിർബന്ധിത മെനിഞ്ചൈറ്റിസ് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അത് ‘മൈ ഹെൽത്ത്’ ആപ്ലിക്കേഷനിലൂടെ ഷെഡ്യൂൾ ചെയ്യാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.

നുസ്ക് ആപ്ലിക്കേഷൻ ബുക്കിങിനും പേയ്‌മെന്റിനുമുള്ള വിവിധ ഓപ്ഷനുകളും നൽകുന്നു. ഇഹ്‌റാം പോലുള്ള ഹജ്ജ് സാമഗ്രികൾ, വ്യക്തിഗത ഇനങ്ങൾ മുതലായവ വാങ്ങുന്നതിനും പാക്കേജുകൾക്കുള്ളിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. ഇത് തീർത്ഥാടകർക്ക് പുതിയ അനുഭവം നൽകുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. https://masar.nusuk.sa/individuals വെബ്സൈറ്റ് വഴി പാക്കേജുകൾ ആക്സസ് ചെയ്യാൻ കഴിയുമെന്നും മന്ത്രാലയം പറഞ്ഞു.

read more: റമദാനിൽ രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തി, ശേഷം ആസിഡ് ഒഴിച്ച് ആത്മഹത്യ ശ്രമം, മക്കയിൽ പ്രവാസി അറസ്റ്റിൽ