ജിദ്ദ: ഹജ്ജ് കർമ്മങ്ങൾ ഇന്ന് സമാപിക്കും. 170 ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്. ഹജ്ജ് നിയമം ലംഘിച്ച ഏഴായിരത്തിലധികം വിദേശികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഈ വർഷം 170ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജ് കർമ്മം നിർവ്വഹിക്കാനെത്തിയതായി ഹജ്ജ് ഉംറ മന്ത്രി ഡോ.മുഹമ്മദ് ബിൻതൻ പറഞ്ഞു. 25 ലക്ഷത്തിലധികം തീർത്ഥാടകരാണ് ഈ വർഷം ഹജ്ജ് കർമ്മം നിർവ്വഹിച്ചത്. ഇതിൽ അധികവും എഴുപതു വയസിനു മുകളിൽ പ്രായമുള്ള വയോധികരായിരുന്നു.

എന്നാൽ അനുമതിപത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാനെത്തിയ നിരവധിപേരെ സുരക്ഷാ സേന പിടികൂടി. ഹജ്ജ് നിയമങ്ങൾ ലംഘിച്ച് പിടിയിലായ 7027 വിദേശികൾക്കെതിരെയാണ് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹജ്ജ് പൊതു സുരക്ഷാ സേനാ വ്യക്താവ് അറിയിച്ചിരിക്കുന്നത്. ഇവരെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറും.

അനുമതിപത്രമില്ലാതെ എത്തിയ 40,352 പേരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റിൽ നിന്ന് സുരക്ഷാസേന തിരിച്ചയച്ചിരുന്നു. നിയമം ലംഘിച്ചു മക്കയിൽ പ്രവേശിക്കാൻ ശ്രമിച്ച 2,44,485 വാഹനങ്ങളും ചെക്ക് പോസ്റ്റിൽ നിന്ന് തിരിച്ചയച്ചു. 288 വ്യാജ ഹജ്ജ് സർവീസ് സ്ഥാപനങ്ങളും സുരക്ഷാ വകുപ്പ് കണ്ടെത്തി.