ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ 2025ലെ പുതിയ പട്ടികയാണ് പുറത്തുവിട്ടത്.
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ വീണ്ടും ഇടം പിടിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട് റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്റെ 2025ലെ പട്ടികയിലാണ് ഹമദ് വിമാനത്താവളം നേട്ടം സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഹമദ് എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. സിംഗപ്പൂർ ചാങ്കി വിമാനത്താവളമാണ് സ്കൈട്രാക്സിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം സ്ഥാനത്ത് ടോക്യോ അന്താരാഷ്ട്ര വിമാനത്താവളവും ഇടംനേടി. ഇഞ്ചിയോൺ (4), നരിറ്റ (5), ഹോങ്കോങ് (6), പാരിസ് ചാൾസ് ഡി ഗ്വേൽ (7), റോം ഫൂമിസിനോ (8), മ്യൂണിച് (9), സൂറിച് (10) എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 11ാം സ്ഥാനത്താണ്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തെരഞ്ഞെടുത്തു. തുടർച്ചയായ പതിനൊന്നാം വർഷമാണ് സ്കൈട്രാക്സിന്റെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് തെരഞ്ഞെടുക്കപ്പെടുന്നത്.
സ്പെയിനിലെ മഡ്രിഡിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഹമദ് വിമാനത്താവളത്തിന് 5-സ്റ്റാർ എയർപോർട്ട് റേറ്റിങ്ങും ലഭിച്ചു. ആഗോള തലത്തിൽ മികച്ച എയർപോർട്ട് ഷോപ്പിങ്ങിനുള്ള പുരസ്കാരവും ഹമദ് വിമാനത്താവളത്തിനാണ്. ഷോപ്പിങ്, ഡൈനിങ് ഓപ്ഷനുകൾ, വിശാലമായ ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ എന്നിവ ഉൾപ്പെടെ മികവുറ്റ വിനോദ, വിശ്രമ സംവിധാനങ്ങളാണ് ഹമദ് വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്. അടുത്തിടെയാണ് കൂടുതൽ യാത്രാ സൗകര്യമൊരുക്കുന്ന ഡി, ഇ കോൺകോഴ്സുകൾ ഹമദ് വിമാനത്താവളത്തിൽ തുറന്നുനൽകിയത്. ഇതോടെ പ്രതിവർഷം 65 ദശലക്ഷത്തിലധികം യാത്രക്കാർ എന്ന ലക്ഷ്യം തികക്കാൻ ഒരുങ്ങുകയാണ് വിമാനത്താവളം.
നിലവിൽ 845,000 ചതുരശ്രമീറ്ററാണ് വിമാനത്താവള കെട്ടിടത്തിന്റെ വിസ്തീർണം. 17 പുതിയ ഗേറ്റുകൾ വർധിപ്പിച്ച് ആകെ ബോർഡിങ് ഗേറ്റുകളുടെ എണ്ണം 62 ആയി. മിഡിൽ ഈസ്റ്റ്, ഏഷ്യൻ മേഖലകളിൽ നിന്ന് യൂറോപ്, അമേരിക്കൻ, ആഫ്രിക്കൻ വൻകരകളിലേക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 197ലധികം നഗരങ്ങളുമായും യാത്രക്കാരെ ബന്ധിപ്പിക്കുന്ന ആഗോള ഹബ്ബായി മാറിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സേവന മികവിനുള്ള അംഗീകാരമാണ് സ്കൈട്രാക്സിന്റെ തുടർച്ചയായ നേട്ടങ്ങൾ.
