വിട്ടുമാറാത്ത അസുഖങ്ങളോ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവർക്ക് അവശ്യമായ പ്രതിരോധ നടപടികളാണ് മാർഗനിർദേശങ്ങളിലുള്ളത്.
ദോഹ: അവധിക്കാലമായതോടെ ഖത്തറിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വിദേശ യാത്രയ്ക്കിടെ പൊതുജനങ്ങൾക്ക് രോഗങ്ങളിൽ നിന്ന് സ്വയം രക്ഷ നേടാൻ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി). വിട്ടുമാറാത്ത അസുഖങ്ങളോ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവർക്ക് അവശ്യമായ പ്രതിരോധ നടപടികളാണ് മാർഗനിർദേശങ്ങളിലുള്ളത്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധനെ സമീപിച്ച് പോകാനുദ്ദേശിക്കുന്ന രാജ്യത്തെ അപകടസാധ്യതകൾ വിലയിരുത്തുകയും ഉചിതമായ വാക്സിനേഷനുകളും മരുന്നുകളും ഉറപ്പാക്കണം. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ അല്ലെങ്കിൽ വൃക്കരോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികളും ഗർഭിണികളും കൂടുതൽ ശ്രദ്ധിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വേണം.
ഉയർന്ന അപകടസാധ്യതയുള്ളതോ സാംക്രമിക രോഗങ്ങൾ പടരുന്നതോ ആയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുകയും ചെയ്യുക. സാനിറ്റൈസറുകൾ ഉപയോഗിക്കുക. പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിൽ സംസ്കരിക്കാത്ത ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കുക. കുപ്പിയിലാക്കിയതോ തിളപ്പിച്ചതോ ശരിയായി അണുവിമുക്തമാക്കിയതോ ഫിൽട്ടർ ചെയ്തതോ ആയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. നന്നായി വേവിച്ച ഭക്ഷണം കഴിക്കുകയും അസംസ്കൃത സമുദ്രവിഭവങ്ങൾ, സ്ട്രീറ്റ് ഫുഡ്, തണുത്ത സലാഡുകൾ എന്നിവ ഒഴിവാക്കുകയും വേണം. പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകുകയോ തൊലി കളയുകയോ ചെയ്യുക.
വിട്ടുമാറാത്ത രോഗങ്ങളുള്ളവർ യാത്രാ കാലയളവിൽ മുഴുവൻ ഉപയോഗിക്കാൻ ആവശ്യമായ മരുന്നുകൾ, ആന്റിഹിസ്റ്റാമിനുകൾ പോലുള്ള അവശ്യ മരുന്നുകൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ എന്നിവ കൈവശം വെയ്ക്കണം. ഹെപ്പറ്റൈറ്റിസ്, ടെറ്റനസ്, പോളിയോ തുടങ്ങിയ വാക്സിനേഷനുകൾ അപ്ഡേറ്റഡ് ആയിരിക്കണമെന്നും കോളറ, മഞ്ഞപ്പനി, ടൈഫോയ്ഡ് തുടങ്ങിയ നിർദ്ദിഷ്ട വാക്സിനുകൾ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും എടുക്കണമെന്നും എച്ച്.എം.സി നിർദേശിച്ചു. ഗർഭിണികൾ മുൻകൂട്ടി ഡോക്ടറെ കണ്ട് യാത്ര ചെയ്യാൻ കഴിയുന്ന ശാരീരികാവസ്ഥയാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നേടണമെന്നും നിർദേശങ്ങളിൽ പറയുന്നു.
ഒപ്പം ദീർഘദൂര വിമാനങ്ങളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ ഓരോ 30 മിനിറ്റിലും നടക്കുക, ഇരിക്കുമ്പോൾ ലഘുവായ വ്യായാമങ്ങൾ ചെയ്യുക, യാത്രയ്ക്കിടെ മതിയായ ഉറക്കവും വിശ്രമവും നേടുക തുടങ്ങിയ നിർദേശങ്ങളും യാത്രക്കാർക്കായി എച്ച്.എം.സി നിർദ്ദേശിച്ചു.
