അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ വിശദമായ പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരിയുടെ വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. ഖത്തറിലെത്തിയ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോയിലധികം മയക്കുമരുന്നാണ് പിടികൂടിയത്.
യാത്രക്കാരിയുടെ പെരുമാറ്റത്തിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതാണ് കണ്ടെത്തലിലേക്ക് നയിച്ചത്. വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ യാത്രക്കാരിയുടെ വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത വസ്തുക്കളിൽ 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനും അടങ്ങിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.


