പകര്‍ച്ച വ്യാധികള്‍ പിടിപെട്ടയാള്‍ അത് ബോധപൂര്‍വം മറച്ചുവെയ്‍ക്കുകയോ അല്ലെങ്കില്‍ അസുഖം മറ്റുള്ളവരിലേക്ക് വ്യാപിക്കാന്‍ കാരണക്കാരനാവുകയോ ചെയ്യുന്നത് ബഹ്റൈനിലെ പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണ്.

മനാമ: ബഹ്റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ വന്‍തുക പിഴയും മൂന്ന് മാസം ജയില്‍ ശിക്ഷയും ലഭിക്കും. നാഷണല്‍ ടാസ്‍ക് ഫോഴ്‍സ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 1000 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴയും കുറഞ്ഞത് മൂന്ന് മാസം ജയില്‍ ശിക്ഷയും ലഭിക്കും.

പകര്‍ച്ച വ്യാധികള്‍ പിടിപെട്ടയാള്‍ അത് ബോധപൂര്‍വം മറച്ചുവെയ്‍ക്കുകയോ അല്ലെങ്കില്‍ അസുഖം മറ്റുള്ളവരിലേക്ക് വ്യാപിക്കാന്‍ കാരണക്കാരനാവുകയോ ചെയ്യുന്നത് ബഹ്റൈനിലെ പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണ്. ഇതിന് പുറമെ അസുഖങ്ങളുടെ വ്യാപനം കുറയ്‍ക്കാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള പ്രതിരോധ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ആയിരം ദിനാറില്‍ കുറയാത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബഹ്റൈനില്‍ കൊവിഡ് മരണസംഖ്യ 800 കടക്കുകയും രോഗബാധിതരുടെ പ്രതിദിന കണക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്കാണ് അധികൃതര്‍ കടക്കുന്നത്. 67 വയസുള്ള ഒരു പ്രവാസി അടക്കം നാല് പേരാണ് ഇന്ന് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.