അബുദാബി: മാസ്കുകളും കൈയുറകളും പൊതുനിരത്തില്‍ ഉപേക്ഷിച്ചാല്‍ 1000 ദിര്‍ഹം പിഴ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‍ക് ഉപയോഗം  നിര്‍ബന്ധമാക്കിയിരുന്നു. 

നിരവധി സ്ഥാപനങ്ങളും ഉപഭോക്താക്കളോട് പ്ലാസ്റ്റിക് അല്ലെങ്കില്‍ ലാറ്റക്സ് കൈയുറകള്‍ ധരിക്കാനും ആവശ്യപ്പെടുന്നുണ്ട്. മാസുകുകളും കൈയുറകളും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് സമൂഹത്തിന് ഒന്നാകെ ഭീഷണിയാണെന്നും അബുദാബി പൊലീസിനെ ഉദ്ധരിച്ച് യുഎഇ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യുഎഇയില്‍ ഞായറാഴ്ച 745 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ ഭേദമായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി 540 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഒരു മരണമാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 38,808 ആണ്. ആകെ 21,806 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 276 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 16,726 പേരാണ് ചികിത്സയിലുള്ളത്.