റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ സൗദി അറേബ്യയിൽ 1000 റിയാൽ പിഴ ലഭിക്കും. രണ്ടുമാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി അവസാനിച്ചാൽ പിഴ അടച്ചാലെ വിസ റദ്ദാക്കാനും പുതിയ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനും കഴിയൂ. ഇഖാമ (താമസരേഖ)യ്ക്ക് കാലാവധിയുണ്ടെങ്കിലേ പുതിയ എക്സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. ഇഖാമയ്ക്ക് കാലാവധി ബാക്കിയില്ലാതിരിക്കുകയും എക്സിറ്റ് വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തിട്ടും രാജ്യത്ത് തങ്ങുന്ന സാഹചര്യത്തിൽ കടുത്ത നിയമ ലംഘനത്തിനുള്ള വലിയ ശിക്ഷകൾ  നേരിടേണ്ടിവരും. 

റീഎൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോയി നിശ്ചിത കാലപരിധിക്ക് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ സൗദിയിലേക്ക് മൂന്നുവർഷത്തെ പ്രവേശന വിലക്കുണ്ടെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) അധികൃതർ അറിയിച്ചു. റീഎൻട്രി വിസ കാലാവധി അവസാനിച്ച് രണ്ട് മാസം കഴിഞ്ഞാൽ ജവാസാത്തിന്റെ കമ്പ്യൂട്ടർ രേഖകളിൽ റെഡ് മാർക്ക് രേഖപ്പെടുത്തപ്പെടും. അത്തരം ആളുകൾ പിന്നീട് ഏത് മാർഗത്തിലൂടെ രാജ്യത്തേക്ക് പുനഃപ്രവേശനത്തിന് ശ്രമിച്ചാലും എമിഗ്രേഷനിൽ തടയപ്പെടും. മൂന്നുവർഷത്തിന് ശേഷം പുതിയ വിസയിൽ രാജ്യത്ത് തിരിച്ചെത്താം. എന്നാൽ നേരത്തെയുണ്ടായിരുന്ന സ്പോൺസറുടെ കീഴിലെ അതിനും അനുവാദമുണ്ടാകൂ.  

ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ മൂന്നുദിവസം വരെ പിഴയില്ലാതെ പുതുക്കാനാവും. അതിന് ശേഷം 500 റിയാൽ പിഴ നൽകണം. രണ്ടാം തവണയും ഇതുപോലെ സംഭവിച്ചാൽ പിഴ 1000 റിയാലാകും. എന്നാൽ മൂന്നാം തവണയും ഇങ്ങനെ കാലാവധി കഴിഞ്ഞാൽ നാടുകടത്തലാവും ശിക്ഷ.