രോഗിയായ തനിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും കരാറിനപ്പുറം അമിതമായി ജോലി ചെയ്യിപ്പിച്ചുവെന്നും പറഞ്ഞ് തൊഴിൽ സ്ഥാപനത്തിൽ നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോയ മലയാളിയായ തൊഴിലാളിക്കെതിരെ റിയാദിലെ കമ്പനി നൽകിയ പരാതിയിൽ നടന്ന വാദത്തിലാണ് കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചത്.
റിയാദ്: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്നോ തൊഴിലുടമയിൽ നിന്നോ ഒളിച്ചോടുന്നവരും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവരും തൊഴിലുടമക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സൗദി ലേബർ കോടതി ഉത്തരവ്. തൊഴിലുടമ തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടാലും തൊഴിലാളി അന്യായമായി തൊഴിൽ അവസാനിപ്പിച്ചാലും തൊഴിൽ കരാർ പ്രകാരമുള്ള അവകാശനിഷേധമായി അത് പരിഗണിക്കുമെന്നും ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി പറഞ്ഞു.
രോഗിയായ തനിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും കരാറിനപ്പുറം അമിതമായി ജോലി ചെയ്യിപ്പിച്ചുവെന്നും പറഞ്ഞ് തൊഴിൽ സ്ഥാപനത്തിൽ നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോയ മലയാളിയായ തൊഴിലാളിക്കെതിരെ റിയാദിലെ കമ്പനി നൽകിയ പരാതിയിൽ നടന്ന വാദത്തിലാണ് കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചത്. തൊഴിൽ കരാർ പ്രകാരം അവശേഷിക്കുന്ന കാലയളവിലെ ശമ്പളം അഥവാ 22300 റിയാൽ തൊഴിലാളി തൊഴിലുടമക്ക് നഷ്ടപരിഹാരമായി നൽകാനാണ് കോടതി വിധിച്ചത്.
രണ്ടു വർഷത്തേക്കുള്ള തൊഴിൽ കരാർ പ്രകാരം 1500 റിയാൽ ശമ്പളത്തിന് ഡ്രൈവറായാണ് മലയാളിയായ ഇദ്ദേഹം കമ്പനിയിൽ പ്രവേശിച്ചത്. അമിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പേ ഇദ്ദേഹം കമ്പനിയിൽ നിന്നിറങ്ങി. തൊഴിൽ കരാർ പ്രകാരം ഇനിയും ഒരു വർഷം കൂടി ജോലിയിൽ തുടരേണ്ടതുണ്ട്. ജോലിയിൽ തുടരാൻ താത്പര്യമില്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ തൊഴിലുടമയെ അറിയിക്കണമെന്നതാണ് തൊഴിൽ കരാറിലുളളത്. അതൊന്നും ചെയ്യാതെ ഒരു ദിവസം ഇദ്ദേഹം കമ്പനിയിൽ നിന്നിറങ്ങുകയായിരുന്നു. കമ്പനി ആദ്യം ലേബർ ഓഫീസിലും പിന്നീട് ലേബർ കോടതിയിലും ഇദ്ദേഹത്തിനെതിരെ പരാതി നൽകി. യാതൊരു കാരണവും കാണിക്കാതെയാണ് ഇദ്ദേഹം കമ്പനി വിട്ടിറങ്ങിയതെന്നും അതിനാൽ ആർട്ടിക്കിൾ 77 പ്രകാരമുള്ള നഷ്ടപരിഹാരം വേണമെന്നുമാണ് കമ്പനി അഭിഭാഷകന് മുഖേന കേസ് ഫയൽ ചെയ്തത്.
രണ്ട് പ്രാവശ്യം സമൻസയച്ചിട്ടും ഇദ്ദേഹം വാദസമയത്ത് ഹാജറായതുമിൽല. തുർന്ന് ആർട്ടിക്കിൾ 82 പാലിക്കാതെ കമ്പനി വിട്ടിറങ്ങിയതിനാൽ ആർട്ടിക്കിൾ 77 പ്രകാരം തൊഴിൽ കരാറിലെ അവശേഷിക്കുന്ന കാലാവധിയിലെ ശമ്പളം അഥവാ 22300 റിയാൽ തൊഴിലാളി കമ്പനിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അപ്പീലിന് പോലും കോടതി അവസരം നൽകിയിൽല. പണം നൽകിയില്ലെങ്കിൽ പത്ത് വര്ഷത്തെ യാത്ര വിലക്കുണ്ടാവും.
സ്പോൺസറും കമ്പനികളും അടക്കമുള്ള തൊഴിലുടമകളുടെ കൂടെ ജോലി ചെയ്യുമ്പോൾ ഔദ്യോഗികമായി രാജിക്കത്ത് നൽകാതെ ഇറങ്ങിപ്പോകുന്നവര്ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം വിധികള്. സ്പോൺസര് മര്ദ്ദിക്കുന്നുണ്ടെന്നും ശമ്പളം നൽകുന്നിൽലെന്നും അമിതമായി ജോലി ചെയ്യിക്കുന്നുണ്ടെന്നും പരാതിപ്പെട്ട് പലരും തൊഴിലിടങ്ങളിൽ നിന്ന് യാതൊരു നോട്ടീസും നൽകാതെ ഇറങ്ങിപ്പോകുന്നുണ്ട്. ഇവരാണ് ഇത്തരം നിയമപടികൾക്ക് വിധേയരാവുന്നത്. അടുത്തിടെ ഇത്തരം ധാരാളം വിധികള് ലേബര് കോടതിയിൽ നിന്ന് വരുന്നുണ്ട്. തൊഴിലുടമ അന്യായമായി പിരിച്ചുവിട്ടാൽ തൊഴിലാളിക്ക് തൊഴിൽ കരാർ അവസാനിക്കുന്നത് വരെയുള്ള കാലത്തെ ശമ്പളം നഷ്ടപരിഹാരമായി ചോദിക്കാമെന്ന പോലെ തൊഴിലുടമക്ക് തിരിച്ചും ചോദിക്കാമെന്നാണ് സൗദിയിലെ തൊഴിൽ നിയമം അനുശാസിക്കുന്നത്. തൊഴിൽ കരാറിന്റെ കാലാവധിക്ക് മുമ്പേ ജോലി അവസാനിപ്പിക്കണമെന്നുണ്ടെങ്കിൽ ഖിവ പ്ലാറ്റ്ഫോം വഴി തൊഴിലുടമക്ക് അപേക്ഷ നൽകാനും തൊഴിൽ മന്ത്രാലയം ഇപ്പോൾ സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ തൊഴിൽനിയമത്തിലെ മാറ്റങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്നും തൊഴിലിടങ്ങളിൽ നിന്ന് അന്യായമായി ഒളിച്ചോടുന്നത് നിയമക്കുരുക്കിലാക്കുമെന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടുന്ന സമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ഓർമിപ്പിച്ചു.
