മനാമ: ബഹ്റൈനില്‍ കൊറോണ സംശയത്താല്‍ താമസ സ്ഥലത്ത് നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിച്ചിട്ടും അത് പാലിക്കാതിരുന്ന വ്യവസായിക്ക് ശിക്ഷ. സിംഗപ്പൂരില്‍ നിന്നെത്തിയ സ്ത്രീയ്ക്ക് 2000 ബഹ്റൈന്‍ ദിനാറാണ് (3.96 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചത്. സിംഗപ്പൂരില്‍ നിന്ന് ബിസിനസ് ട്രിപ്പ് കഴിഞ്ഞെത്തിയ ഇവര്‍ തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. 

ആരോഗ്യ മന്ത്രാലയമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല. വീട്ടിലിരിക്കണമെന്ന് മാത്രമേ തന്നോട് പറഞ്ഞിരുന്നുള്ളൂവെന്നും അത് നിര്‍ബന്ധമായിരുന്നെന്ന് അറിയിച്ചിരുന്നില്ലെന്നും കോടതിയില്‍ വാദിച്ചെങ്കിലും  അത് കോടതി തള്ളി. തുടര്‍ന്ന് പിഴ ചുമത്തുകയായിരുന്നു.

അതേസമയം രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 177ആയി. ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് 100 പേരെ വിട്ടയച്ചു. രോഗികളായ 177 പേരില്‍ 174 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം മൂന്ന്പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.